
വാഷിങ്ടൻ സമാധാനത്തിനു റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിൻ ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഒരു ടിവി അഭിമുഖത്തിലാണ് ട്രംപ് പരാമർശം നടത്തിയത്. പുട്ടിൻ എന്തുചെയ്യുമെന്നത് ഏതാനും ആഴ്‌ചകൾക്കുള്ളിൽ വ്യക്തമാകുമെന്നും സൂചിപ്പിച്ചു. സമാധാന കരാറിന് തയാറായില്ലെങ്കിൽ പുട്ടിൻ കഠിനമായ സാഹചര്യങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി നേരിട്ടുള്ള ചർച്ചയ്ക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സന്നദ്ധത അറിയിച്ചെന്ന് നേതാക്കൾ പറഞ്ഞിരുന്നു. വൈറ്റ്ഹൗസ് ഉച്ചകോടി സമാധാനത്തിലേക്കുള്ള സുപ്രധാന ചുവടുവയ്‌പായി യുക്രെയ്ൻ പ്രസിഡൻ്റ് സെലെൻസ്കി വിശേഷിപ്പിച്ചിരുന്നു.
അതേസമയം, സമാധാന കരാർ സംബന്ധിച്ച ചർച്ചയ്ക്കായി റഷ്യ യുക്രെയ്ൻ - യുഎസ് ത്രികക്ഷി സമ്മേളനത്തിന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്‌റ്റ് വേദിയാക്കാൻ യുഎസ് ആലോചിക്കുന്നതായി റിപ്പോർട്ട്. യുഎസ് ഭരണകൂടത്തിലെ ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമമായ പൊളിറ്റിക്കോ ആണ് റിപ്പോർട്ട് ചെയ്‌തത്. യുഎസ് രഹസ്യ സർവീസാണ് കൂടിക്കാഴ്ചയുടെ തയാറെടുപ്പുകൾ നടത്തുന്നത്. ജർമനി, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാഷ്ട്രനേതാക്കളുടെ സാന്നിധ്യത്തിൽ തിങ്കളാഴ്‌ച വൈറ്റ്ഹൗസിൽ നടന്ന ട്രംപ് - സെലെൻസ്‌കി ചർച്ചയിലാണ് അടുത്തഘട്ടത്തിൽ പുട്ടിൻ-സെലെൻസ്‌കി കൂടിക്കാഴ്ച ഒരുക്കാൻ തീരുമാനമായത്. അതിനു ശേഷമാണ് റഷ്യ - യുക്രെയ്ൻ - യുഎസ് ത്രികക്ഷി സമ്മേളനം നടത്തുന്നത്.
















© Copyright 2025. All Rights Reserved