ഇസ്താംബുൾ യുദ്ധം ആരംഭിച്ച് 3 വർഷങ്ങൾക്കു ശേഷം ആദ്യമായി റഷ്യയും യുക്രെയ്‌നും സമാധാന ചർച്ച നടത്തി. തുർക്കിയുടെ മധ്യസ്‌ഥതയിലാണ് റഷ്യ-യുക്രയ്ൻ പ്രതിനിധി സംഘം ഇസ്തംബൂളിൽ കൂടിക്കാഴ്ച്‌ച നടത്തിയത്. സമാധാനം സാധ്യമാകണമെങ്കിൽ 30 ദിവസത്തെ വെടിനിർത്തലിനു റഷ്യ തയാറാകണമെന്നും തട്ടിക്കൊണ്ടുപോയ കുട്ടികളെയും യുദ്ധത്തടവുകാരെയും ഉടൻ വിട്ടയക്കണമെന്നും യുക്രെയ്ൻ ചർച്ചയിൽ ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാൻ തയാറാണെന്ന് റഷ്യ അറിയിച്ചു. എന്നാൽ, കൂടുതൽ വിദേശ ആയുധങ്ങൾ സമാഹരിക്കാനുള്ള ഇടവേളയായി വെടിനിർത്തലിനെ യുക്രെയ്ൻ ഉപയോഗിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
30 ദിവസം വെടിനിർത്തണമെന്ന യുക്രെയ്‌നിൻ്റെ ആവശ്യം റഷ്യ നേരത്തേ തള്ളിയിരുന്നു. നേരിട്ടു ചർച്ച നടത്താനുള്ള റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ്റെ ക്ഷണം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി സ്വീകരിച്ചതിനു റഷ്യ മറുപടി നൽകിയിരുന്നില്ല. അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ചർച്ചകൾക്കായി ഇസ്‌തംബൂളിൽ എത്തിയിരുന്നു. വെടിനിർത്തലിന് ഇരുകൂട്ടരും സമ്മതിക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
© Copyright 2024. All Rights Reserved