ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. യുഎസ് സന്ദർശനത്തിനിടെ രാഹുൽ നടത്തിയ പ്രസംഗം സിഖ് വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. ഉത്തർപ്രദേശിലെ സിഗ്ര പൊലീസ് സ്റ്റേഷനിൽ ബിജെപി നേതാവ് അശോക് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സമാനമായ പരാതിയിൽ ഡൽഹിയിലും രാഹുലിനെതിരെ കേസെടുത്തിട്ടുണ്ട്.
=========aud==============
ഡൽഹി സിവിൽലൈൻസ് പൊലീസാണ് കേസെടുത്തത്. ബിജെപി നേതാവ് അമർജിത്ത് ഛബ്രയുടെ പരാതിയിലാണ് കേസെടുത്തത്. സിഖ് വികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തി രാജ്യത്തിന്റെ അഖണ്ഡത തകർക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് പരാതിക്കാർ ആരോപിക്കുന്നത്. ഇന്ത്യയിൽ സിഖുകാർക്ക് തലപ്പാവ് ധരിച്ച് ഗുരുദ്വാരയിലേക്ക് പോവാൻ സാധിക്കുമോ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശമെന്ന് ബിജെപി നേതാക്കൾ പരാതിയിൽ ആരോപിക്കുന്നു. സംവരണത്തിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരെയും ബിജെപി നേതാക്കൾ പരാതി നൽകിയിട്ടുണ്ട്. ജോർജ് ടൗൺ സർവകലാശാലയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിലായിരുന്നു രാഹുലിന്റെ പരാമർശം. സംവരണം നിർത്തലാക്കണമെങ്കിൽ ഇന്ത്യ നീതിയുക്തമായ രാജ്യം ആകണമെന്നായിരുന്നു വിദ്യാർത്ഥിയുടെ ചോദ്യത്തോട് രാഹുൽ പ്രതികരിച്ചത്. നിലവിൽ രാജ്യത്തെ സാഹചര്യം അതല്ലെന്നും രാഹുൽ പറഞ്ഞിരുന്നു.
© Copyright 2024. All Rights Reserved