ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചത് പാകിസ്ഥാൻ കാർഷിക മേഖലയെ സാരമായി ബാധിച്ചു. ഝലം നദിയിലെ മംഗ്ല, സിന്ധു നദിയിലെ തർബേല എന്നീ രണ്ട് പ്രധാന അണക്കെട്ടുകളിലെ സംഭരണത്തിൽ വലിയ ഇടിവുണ്ടായത് ഖാരിഫ് വിളകളെ പ്രതികൂലമായി ബാധിക്കുമെന്ന് പാക് കർഷകർ ആശങ്കപ്പെടുന്നു.
പാകിസ്ഥാനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളിൽ ജലസേചനത്തിനായി വെള്ളം നൽകുന്നതിലും ജലവൈദ്യുത ഉൽപാദനത്തിലും ഈ രണ്ട് അണക്കെട്ടുകളെയാണ് ആശ്രയിക്കുന്നത്. ഇന്ത്യ കരാർ റദ്ദാക്കിയതിനാൽ ഈ മാസം ഖാരിഫ് സീസണിന്റെ തുടക്കത്തിൽ തന്നെ സ്ഥിതി കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.
സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ ആഗോള ശ്രദ്ധ ആകർഷിക്കുന്നതിനായി, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അന്താരാഷ്ട്ര സമ്മേളനത്തിൽ ആശങ്കകൾ ഉന്നയിക്കാൻ ശ്രമിച്ചിരുന്നു. സിന്ധു നദീതടത്തിലെ വെള്ളം പങ്കിടുന്നത് നിയന്ത്രിക്കുന്ന സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കാനുള്ള ഇന്ത്യയുടെ ഏകപക്ഷീയവും നിയമവിരുദ്ധവുമായ തീരുമാനം അങ്ങേയറ്റം ഖേദകരമാണെന്നും ഷെരീഫ് പറഞ്ഞിരുന്നുതായി പാകിസ്ഥാൻ പത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാനിലെ സിന്ധു നദീതട അതോറിറ്റിയുടെ (IRSA) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രണ്ട് പ്രധാന അണക്കെട്ടുകളിലെയും ജലപ്രവാഹത്തിൽ 21% ത്തിന്റെയും സംഭരണശേഷിയിൽ ഏകദേശം 50% ത്തിന്റെയും കുറവ് പാകിസ്ഥാൻ നേരിടുന്നു. ഇന്ത്യയുടെ ജലവിതരണക്കുറവ് കാരണം ചെനാബ് നദിയിലെ ജലപ്രവാഹത്തിൽ പെട്ടെന്ന് കുറവുണ്ടാകുന്നത് കൂടുതൽ ക്ഷാമത്തിന് കാരണമാകുമെന്ന് IRSA പ്രസ്താവനയിൽ പറഞ്ഞു.
© Copyright 2024. All Rights Reserved