ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ വാത്സിങ്ങ്ഹാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭ നയിക്കുന്ന തീർത്ഥാടനം ജൂലൈ 19 നു ശനിയാഴ്ച നടക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കുന്ന തീർത്ഥാടനത്തിന്, ഫാ. ജിനു മുണ്ടുനാടക്കലിന്റെ അജപാലന നേതൃത്വത്തിൽ, കേംബ്രിഡ്ജ് റീജിയണിലെ സീറോ മലബാർ വിശ്വാസ സമൂഹം ആതിഥേയത്വം വഹിക്കും.
-------------------aud--------------------------------
ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച്, മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം.
ജൂലൈ പത്തൊൻപതിനു രാവിലെ ഒൻപതുമണിയോടെ ആരംഭിക്കുന്ന വാത്സിങ്ങാം തീർത്ഥാടന തിരുന്നാൾ ശുശ്രൂഷകളിൽ, ജപമാല, കൊടിയേറ്റ്, മരിയൻ പ്രഭാഷണം, ആരാധന, പ്രദക്ഷിണം എന്നിവയും ഉൾപ്പെടും. ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ തിരുന്നാൾ സമൂഹ ദിവ്യബലിക്ക് ശേഷം തീർത്ഥാടന തിരുന്നാൾ സമാപിക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ഇത് ഒമ്പതാം തവണയാണ് തീർത്ഥാടനം നടക്കുക. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടിയാണ് വാത്സിങ്ങാം മരിയൻ തീർത്ഥാടനം. വർഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും, മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂർവ്വം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം, സഭയുടെ പാശ്ചാത്യ നാടുകളിലെ വളർച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു. ആഗോള കത്തോലിക്കാ സഭ ആഘോഷിക്കുന്ന ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങളിലും, ശുശ്രൂഷകളിലും പങ്കു ചേർന്ന് അനുഗ്രഹപൂരീകരണത്തിനായി , അവധി ദിനം ക്രമീകരിച്ച് തീർത്ഥാടനത്തിനായി പ്രാർത്ഥനയിൽ ഒരുങ്ങുവാൻ തിരുനാൾ കമ്മിറ്റി ഭാരവാഹികൾ വിശ്വാസികളോട് അഭ്യർത്ഥിച്ചു.
© Copyright 2024. All Rights Reserved