ദുബൈ: ദുബൈയില്‍ നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബൈയില്‍ ആരോഗ്യ രംഗത്ത് 15 വര്‍ഷത്തില്‍ കൂടുതലായി സേവനം അനുഷ്ഠിക്കുന്ന നഴ്സുമാര്‍ക്കാണ് ഗോള്‍ഡന്‍ വിസക്ക് അവസരം.
സമൂഹത്തിന് നൽകുന്ന സേവനത്തിന്‍റെ മൂല്യവും, ആരോഗ്യ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ നഴ്സുമാരുടെ സുപ്രധാന പങ്കും പരിഗണിച്ചാണ് തീരുമാനം എടുത്തിട്ടുള്ളത്. അന്താരാഷ്ട്ര നഴ്സസ് ദിനത്തോട് അനുബന്ധിച്ചാണ് ദുബൈ കിരീടാവകാശിയുടെ പ്രഖ്യാപനം. നഴ്സുമാര്‍ ആരോഗ്യ സംവിധാനത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആണെന്നും ആരോഗ്യകരമായ ഒരു സമൂഹമെന്ന ലക്ഷ്യവും മെച്ചപ്പെട്ട ജീവിത നിലവാരവും യാഥാര്‍ത്ഥ്യമാക്കുന്നതിലെ അവിഭാജ്യ പങ്കാളികളാണെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു.
നഴ്സുമാർക്ക് ഗോൾഡൻ വിസ നൽകാനുള്ള തീരുമാനം മലയാളികളടക്കം നിരവധി പ്രവാസികൾക്ക് ഉപകാരപ്രദമാണ്. നേരത്തെ സംരംഭകർ, കോഡർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ എന്നിവരടക്കം വിവിധ മേഖലകളിലുള്ളവർക്ക് ഗോൾഡൻ വിസ നൽകിയിരുന്നു. കഴിഞ്ഞ വർഷം ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചിരുന്നു. ലോക അധ്യാപക ദിനത്തിന്റെ ഭാഗമായി ശൈഖ് ഹംദാൻ തന്നെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
© Copyright 2024. All Rights Reserved