സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച് ഡെന്മാർക്ക് രാജ്ഞി മാർഗ്രേത II. പുതുവത്സരവേളയിൽ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് 83 വയസ്സുകാരിയായ രാജ്ഞി ഇക്കാര്യം പ്രഖ്യാപിച്ചത്. ജനുവരി 14-ന് സ്ഥാനമൊഴിയുമെന്നും മൂത്തമകനും രാജകുമാരനുമായ ഫ്രഡറിക് പിൻഗാമിയായി എത്തുമെന്നും മാർഗ്രേത II വ്യക്തമാക്കിയിട്ടുണ്ട്. തീർത്തും അപ്രതീക്ഷിതമായിരുന്നു രാജ്ഞിയുടെ പ്രഖ്യാപനം.
'52 വർഷമായി ഡെന്മാർക്കിൻറെ രാജ്ഞിയായി തുടരുന്നു. ഇത്രയും വർഷങ്ങൾ ഉറപ്പായും എൻറെയും നിങ്ങളുടെയും ഉള്ളിൽ മറക്കാനാകാത്തതാകും. കാലം കഴിയുംതോറും അസുഖങ്ങളും കൂടിവരികയാണ്. ഇനിയെല്ലാം പഴയതുപോലെ കൈകാര്യം ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല' എന്ന് രാജ്ഞി പറഞ്ഞു.
ഫെബ്രുവരിയിൽ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഭാവിയെക്കുറിച്ച് ആലോചിച്ച് ആശങ്കയുണ്ട്. ഇനി അടുത്ത തലമുറ ഭരിക്കട്ടെ എന്നും രാജ്ഞി കൂട്ടിച്ചേർത്തു.
2024 ജനുവരി 14ന് മകൻ ഫ്രെഡറിക് രാജകുമാരന് രാജ്ഞി കിരീട കൈമാറ്റം നടത്തും. ഫ്രെഡറിക് രാജാവിൻറെ മരണത്തെ തുടർന്ന് 1972 ജനുവരി 14നാണ് മാർഗരറ്റ് സ്ഥാനം ഏറ്റെടുത്തത്.
© Copyright 2024. All Rights Reserved