മാഡ്രിഡ്: സ്പെയിനിൽ ഇന്ത്യയുടെ ദേശീയ ഭാഷ ഏതെന്ന ചോദ്യത്തിന് തന്ത്രപരമായ മറുപടി നൽകി ഡിഎംകെ എംപി കനിമൊഴി കലൈജ്ഞർ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ഭാഗം വിവരിക്കുന്നതിന്റെ ഭാഗമായി സ്പെയിനിലെത്തിയ സർവകക്ഷി സംഘത്തിനൊപ്പമുള്ള കനിമൊഴിയോടാണ് ചോദ്യം ഉയര്‍ന്നത്. എന്നാൽ ഇന്ത്യയുടെ ദേശീയ ഭാഷയെക്കുറിച്ചുള്ള ചോദ്യത്തിന് അവര്‍ മറുപടി നിൽകിയത് ഇങ്ങനെ... ഇന്ത്യയുടെ ദേശീയ ഭാഷ 'നാനാത്വത്തിൽ ഏകത്വം' ആണെന്നായിരുന്നു അവർ പറഞ്ഞത്. തങ്ങളുടെ പ്രതിനിധി സംഘം ലോകത്തിന് നൽകാൻ ലക്ഷ്യമിടുന്ന സന്ദേശമാണിതെന്നും അവർ കൂട്ടിച്ചേര്‍ത്തു.
മാഡ്രിഡിലെ ഇന്ത്യൻ പ്രവാസികളിൽ നിന്നുള്ള ഒരു അംഗം ഉന്നയിച്ച ചോദ്യത്തിനായിരുന്നു അവരുടെ മറുപടി, ഇന്ത്യയുടെ ദേശീയ ഭാഷ 'നാനാത്വത്തിൽ ഏകത്വമാണ്'. ഈ പ്രതിനിധി സംഘം ലോകത്തിന് നൽകുന്ന സന്ദേശവും അതാണ്. ഇന്ത്യയുടെ ഭാഷാപരമായ വൈവിധ്യം ഒരു ദൗർബല്യമല്ല, മറിച്ച് ശക്തിയാണെന്നും കനിമൊഴി അടിവരയിട്ടു. വിവിധ ഭാഷകൾ സംസാരിക്കുന്ന ആളുകൾക്കിടയിൽ നിലനിൽക്കുന്ന ഐക്യത്തെയാണ് അവർ ഇത് വഴി എടുത്തു കാണിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ലെ ത്രിഭാഷാ നയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരും കേന്ദ്രവും തമ്മിൽ അടുത്തിടെയുണ്ടായ രൂക്ഷമായ ഏറ്റുമുട്ടൽ പശ്ചാത്തലമാക്കിയാണ് ഈ ചോദ്യമുയരുന്നതും അതിന് അവരുടെ പ്രതികരണം വരുന്നതും.
അതേസമയം, തീവ്രവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന്, നമ്മുടെ രാജ്യത്തിന് വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്നായിരുന്നു അവരുടെ മറുപടി. ഞങ്ങൾ അക്കാര്യങ്ങ ചെയ്യാൻ ആഗ്രഹിക്കുന്നു. അവർക്ക് എന്ത് വേണമെങ്കിലും ശ്രമിക്കാം, പക്ഷെ നമ്മളെ വഴിതെറ്റിക്കാൻ കഴിയില്ല. നിർഭാഗ്യവശാൽ, തീവ്രവാദത്തെയും അനാവശ്യമായ യുദ്ധത്തെയും നമ്മൾ നേരിടേണ്ടതുണ്ട്. നമ്മൾ അത് ശക്തമായി ചെയ്യും. ഇന്ത്യ ഒരു സുരക്ഷിതമായ സ്ഥലമാണ്. രാജ്യം കാശ്മീരൂം സുരക്ഷിതമായി നിലനിർത്തുമെന്നും ഡിഎംകെ എംപി കൂട്ടിച്ചേർത്തു.
അഞ്ച് രാജ്യങ്ങൾ സന്ദർശിച്ച കനിമൊഴിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന്റെ അവസാന രാജ്യമാണ് സ്പെയിൻ. ഇതിനുശേഷം സംഘം ഇന്ത്യയിലേക്ക് മടങ്ങും. സമാജ്‌വാദി പാർട്ടി എംപി രാജീവ് കുമാർ റായ്, ബിജെപിയിലെ ബ്രിജേഷ് ചൗട്ട, എഎപിയിലെ അശോക് മിത്തൽ, ആർജെഡിയിലെ പ്രേം ചന്ദ് ഗുപ്ത, മുൻ നയതന്ത്രജ്ഞൻ മൻജീവ് സിംഗ് പുരി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
© Copyright 2024. All Rights Reserved