വാഷിംഗ്ടണ്‍: അമേരിക്കൻ സ്വാതന്ത്ര്യദിനത്തിൽ തന്നെ വൺ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിൽ ഒപ്പുവെച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതോടെ ബിൽ നിയമമായി. വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ഗംഭീരമായ ചടങ്ങിലാണ് ട്രംപ് ബില്ലില്‍ ഒപ്പുവച്ചത്. നികുതി ഇളവുകൾ, കുടിയേറ്റത്തിനും സൈന്യത്തിനുമുള്ള ചെലവ് വര്‍ധിപ്പിക്കൽ, ക്ലീന്‍ എനര്‍ജി ഫണ്ടിംഗ് വെട്ടിക്കുറയ്ക്കല്‍, ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിക്കെയ്ഡിലെ വെട്ടിക്കുറക്കലുകൾ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ബിൽ. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് സെനറ്റും കോൺഗ്രസും പാസാക്കിയത്. റിപ്പബ്ലിക്കൻ പാർട്ടിക്കിടയിൽ തന്നെ ബില്ലിനെതിരെ എതിർപ്പുയർന്നിരുന്നു.
കുടിയേറ്റ നിയന്ത്രണ നടപടികള്‍ക്ക് ധനസഹായം നല്‍കുന്നതും 2017 ലെ നികുതി ഇളവുകള്‍ സ്ഥിരമാക്കുന്നതും ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിന്ന് പുറത്താക്കുമെന്ന് കരുതുന്നതുമായ ബില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ഭിന്നത മറികടന്ന് 214 നെതിരെ 218 വോട്ട് നേടിയാണ് കോൺഗ്രസ് പാസായത്. എന്റെ വാഗ്ദാനം പാലിച്ചുവെന്ന് ബില്ലിൽ ഒപ്പിട്ട ശേഷം ട്രംപ് പറഞ്ഞു. പ്രഥമ വനിത മെലാനിയ ട്രംപിനെ സാക്ഷിയാക്കിയായിരുന്നു ഒപ്പുവെക്കൽ.
ട്രംപും സഖ്യകക്ഷികളും ബില്ലിനെ വിജയമായി ആഘോഷിച്ചപ്പോൾ, മെഡിക്കെയ്ഡ് വെട്ടിക്കുറവുകൾ പോലുള്ള വ്യവസ്ഥകൾ ഡെമോക്രാറ്റുകളിൽ നിന്നും ചില റിപ്പബ്ലിക്കൻമാരിൽ നിന്നും വിമർശനത്തിന് ഇടയാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ രണ്ട് സഭകളിലൂടെയും ബില്ലിന് നേതൃത്വം നല്‍കിയതിന് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണും സെനറ്റ് ഭൂരിപക്ഷ നേതാവ് ജോണ്‍ തുണെയും നന്ദി അറിയിച്ചു. വൈറ്റ് ഹൗസിന്റെ സൗത്ത് ലോണില്‍ ആണ് ബില്‍ ഒപ്പുവയ്ക്കല്‍ ചടങ്ങ് നടന്നത്. ചടങ്ങിനോടനുബന്ധിച്ച് സ്റ്റെല്‍ത്ത് ബോംബറുകളും യുദ്ധവിമാനങ്ങളും ആകാശത്ത് പറന്നു.
© Copyright 2025. All Rights Reserved