സ്വിഗ്ഗി, ബ്ലിങ്കിറ്റ് ഡെലിവറി ഏജന്‍റുമാരുടെ വേഷത്തിലെത്തിയ മോഷ്ടാക്കൾ ജ്വല്ലറിയില്‍ നിന്നും കവ‍ർന്നത് 20 കിലോ വെള്ളിയും 25 ഗ്രാം സ്വര്‍ണ്ണവും.

25/07/25

ഉത്തർപ്രദേശിലെ ഗാസിബാദിലെ ഒരു ജ്വല്ലറിയിൽ നിന്നും സ്വിഗ്ഗി, ബ്ലിങ്കിറ്റ് ഡെലിവറി ഏജന്‍റുമാരുടെ വേഷത്തിലെത്തിയ മോഷ്ടാക്കൾ പട്ടാപ്പകല്‍ ആഭരണങ്ങൾ കൊള്ളയടിക്കുന്ന സിസിടിവി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. വെറും ആറ് മിനിറ്റിനുള്ളില്‍ ജ്വല്ലറിയിലെ വിലപിടിപ്പുള്ള ആഭരണങ്ങളുമായി ഇവര്‍ കടന്നു കളഞ്ഞു. കടയിലെ ഒരു ജീവക്കാരന്‍ നോക്കി നില്‍ക്കെ ഡെലിവറി ഏജന്‍റുമാരുടെ വേഷത്തിലെത്തിയ മോഷ്ടാക്കൾ ആഭരണങ്ങൾ തങ്ങളുടെ ബാഗുകളില്‍ നിറയ്ക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ ഇരുവരും പരസ്പരം സംസാരിക്കുന്നതും ഇടയ്ക്ക് ജീവനക്കാരനെ തല്ലുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

മോഷ്ടാക്കൾ കടയില്‍ നിന്നും പുറത്തിറങ്ങി ബൈക്കിൽ കയറി പോയതിന് പിന്നാലെ ജീവക്കാരന്‍ പുറത്തിറങ്ങി കള്ളന്‍ കള്ളന്‍ എന്ന് വിളിച്ച് പറയുന്നതും തുടർന്ന് ഒരാൾ വന്ന് കടയിലേക്ക് നോക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. 2.55 മിനിറ്റുള്ള സിസിടിവി ദൃശ്യങ്ങളാണ് എഎന്‍ഐയുടെ എക്സ് ഹാന്‍റില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടത്. ജ്വല്ലറി ഉടമ കൃഷ്ണ കുമാർ വർമ്മ ഉച്ചഭക്ഷണത്തിനായി പുറത്തുപോയ സമയത്താണ് കവർച്ച നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മോഷ്ടാക്കൾ കടയിൽ കയറിയ സമയത്ത് അവിടെയുണ്ടായിരുന്നത് ശുഭം എന്ന ജീവനക്കാരനാണെന്നും മോഷ്ടാക്കൾ കടയില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ ശുഭം ഉടമയെ വിളിച്ച് സംഭവം വിവരിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

ബൈക്കിൽ എത്തിയ രണ്ട് അജ്ഞാതർ ജ്വല്ലറിയിൽ കയറി തോക്ക് ചൂണ്ടി 20 കിലോ വെള്ളിയും 25 ഗ്രാം സ്വർണ്ണവും കൊള്ളയടിച്ചതായി കൃഷ്ണ കുമാർ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മോഷ്ടാക്കളെ പിടികൂടുന്നതിനായി ആറ് ടീമുള്ള പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചു. അതേസമയം കവർച്ചയിൽ ശുഭത്തിന് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ 7.55 ന് പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം രണ്ട് ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതി.

ഇതൊരു കവർച്ചയല്ല. ആരോ ആഭരണങ്ങൾ ഓർഡർ ചെയ്തിരുന്നു, അവർ അത് പായ്ക്ക് ചെയ്ത് 10 മിനിറ്റിനുള്ളിൽ എത്തിക്കാൻ തിരക്കുകൂട്ടുകയാണ്. അവർ അനുഭവിക്കുന്ന സമ്മർദ്ദം മനസ്സിലാക്കൂവെന്ന് ഒരു കാഴ്ചക്കാരന്‍ തമാശയായി കുറിച്ചു. അവർ യഥാർത്ഥത്തിൽ 10 മിനിറ്റിനുള്ളിൽ എല്ലാം ചെയ്തു, കൊള്ളയടിച്ചു, അവർക്ക് തന്നെ എത്തിച്ചു കൊടുത്തുവെന്നായിരുന്നു മറ്റൊരു കുറിപ്പ്. മിക്ക കാഴ്ചക്കാരും 10 മിനിറ്റില്‍ ഡെലിവറി എന്ന ഡെലിവറി ആപ്പുകളുടെ പരസ്യവാചകം ഉപയോഗിച്ചാണ് കുറിപ്പുകളെഴുതിയത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu