റിയാദ്: സൗദിയിൽ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ചു. നിയമലംഘനങ്ങൾക്കുള്ള പിഴകളിലാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മാറ്റം വരുത്തിയത്. രാജ്യത്തെ സ്വകാര്യസ്ഥാപനങ്ങൾക്ക് ബാധകമായ നിയമങ്ങളിലാണ് മാറ്റം. വലിപ്പത്തിനനുസരിച്ചും ആകെയുള്ള തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ചും സ്ഥാപനങ്ങളെ എ, ബി, സി എന്ന് തിരിച്ചാണ് നടപടി. 20 തൊഴിലാളികൾ വരെയുള്ള ചെറിയ സ്ഥാപനങ്ങൾ സി വിഭാഗത്തിലും, 21-നും 49-നും ഇടയിൽ തൊഴിലാളികളുള്ള സ്ഥപാനങ്ങൾ ബി വിഭാഗത്തിലും, 50 ഉം അതിൽ കുടുതലും തൊഴിലാളികളുള്ള സ്ഥാപനങ്ങൾ എ വിഭാഗത്തിലും ഉൾപ്പെടുന്നു.
1. ലൈസൻസില്ലാതെ റിക്രൂട്ട്മെൻറ് നടത്തുകയോ പുറത്തുനിന്നും ജോലിക്കെടുക്കുകയോ ചെയ്യുന്ന ഗുരുതര നിയമലംഘനത്തിന് രണ്ട് ലക്ഷം മുതൽ രണ്ടര ലക്ഷം റിയാൽ വരെയാണ് പിഴ.
2. ലൈസൻസില്ലാതെ സൗദികളെ നിയമിച്ചാൽ രണ്ട് ലക്ഷം റിയാൽ പിഴ ഈടാക്കും.
3. തൊഴിൽ പെർമിറ്റില്ലാത്ത വിദേശ തൊഴിലാളിയെ ജോലിക്കെടുത്താൽ പിഴ 10,000 റിയാൽ വരെ. തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് വ്യത്യാസപ്പെടും.
4. സ്വദേശിവത്കരിച്ച തൊഴിലുകളിൽ വിദേശികളെ നിയമിക്കുകയോ സാധുവായ തൊഴിൽ ബന്ധമില്ലാതെ സ്വദേശിയെ രജിസ്റ്റർ ചെയ്യുകയോ ചെയ്താൽ പിഴ 2,000 മുതൽ 8,000 റിയാൽ വരെ.
5. തൊഴിലുടമ മറ്റൊരു വ്യക്തിക്ക് വേണ്ടി ജോലി ചെയ്യാൻ അനുവദിച്ചാൽ 10,000 മുതൽ 20,000 റിയാൽ വരെ പിഴ.
6. തൊഴിലാളിയെ മറ്റൊരു തൊഴിലുടമക്ക് കീഴിൽ ജോലി ചെയ്യാൽ വിട്ടാല പിഴ 5,000 റിയാൽ.
7. തൊഴിലാളിയുടെ സുരക്ഷ, ആരോഗ്യം, സംരക്ഷണ നിയമങ്ങൾ പാലിക്കാത്ത തൊഴിലുടമക്കുള്ള പിഴ 1,500 മുതൽ 5,000 റിയാൽ വരെ.
8. മുൻകരുതലുകൾ എടുക്കാതെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന സ്ഥലത്തോ പ്രതികൂല കാലാവസ്ഥയിലോ ജോലിയെടുപ്പിച്ചാൽ 1,000 റിയാൽ പിഴ.
9. തൊഴിലാളികൾക്കാവശ്യമായ ഫീസും മറ്റു ചെലവുകളും വഹിക്കാതിരുന്നാൽ ആളൊന്നിന് 1,000 മുതൽ 3,000 റിയാൽ വരെ പിഴ.
10. വേതനവും ആനുകൂല്യങ്ങളും കൃത്യസമയത്ത് നൽകാതിരിക്കുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്താൽ 300 റിയാൽ പിഴ. തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴ വ്യത്യാസപ്പെടും.
11. തൊഴിലാളികൾക്ക് പ്രതിവാര അവധി നൽകാതിരിക്കുക, അധികസമയം ജോലിയെടുപ്പിക്കുക, ദൈനംദിന വിശ്രമസമയം അനുവദിക്കാതിരിക്കുക തുടങ്ങിയവക്ക് 1,000 മുതൽ 3,000 റിയാൽ വരെയാണ് പിഴ.
12. തൊഴിലുടമ വിവേചനപരമായി പെരുമാറിയാൽ 1,000 മുതൽ 3,000 റിയാൽ വരെ പിഴ ഈടാക്കും.
13. തൊഴിലാളികളുടെ പെരുമാറ്റ ലംഘനങ്ങൾ അന്വേഷിക്കാൻ കമ്മിറ്റി രൂപവത്കരിക്കാതിരിക്കുകയോ അഞ്ച് ദിവസത്തിനുള്ളിൽ അന്വേഷിച്ച് അച്ചടക്ക നടപടി ശിപാർശ ചെയ്യാതിരിക്കുകയോ 30 ദിവസത്തിനുള്ളിൽ അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കുകയോ ചെയ്താൽ പിഴ 1,000 മുതൽ 3,000 റിയാൽ വരെ.
14. തൊഴിൽ ബന്ധം അവസാനിപ്പിച്ചതിന് ശേഷം തൊഴിലുടമ തൊഴിലാളിക്ക് സർവിസ് സർട്ടിഫിക്കറ്റ് നൽകുന്നതിലും രേഖകൾ തിരിച്ചുനൽകുന്നതിലും വീഴ്ചവരുത്തിയാൽ 1,000 മുതൽ 3,000 റിയാൽ വരെയാണ് പിഴ.
15. തൊഴിലാളിക്കും കുടുംബാംഗങ്ങൾക്കും ഹെൽത്ത് ഇൻഷുറൻസ് ഏർപ്പെടുത്തിയില്ലെങ്കിൽ 300 മുതൽ 1,000 റിയാൽ വരെ പിഴ അടക്കണം.
16. 15 വയസിന് താഴെയുള്ള കുട്ടികളെ ജോലി ചെയ്യിപ്പിക്കുന്നത് 1,000 മുതൽ 2,000 റിയാൽ വരെ പിഴ ലഭിക്കാവുന്ന ഗുരുതരമായ ലംഘനമാണ്.
17. തൊഴിലാളിയുടെ പാസ്‌പോർട്ടോ താമസരേഖയോ തടഞ്ഞുവെയ്ക്കുന്നത് 1,000 റിയാൽ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.
18. അധികൃതരുടെ പരിശോധന തടസ്സപ്പെടുത്തിയാൽ 5,000 റിയാൽ വരെ പിഴ ചുമത്തും.
19. മന്ത്രാലയ സൂപ്പർവൈസർമാരുടെയും ജീവനക്കാരുടെയും ജോലികൾക്ക് തടസ്സമുണ്ടാക്കിയാലും 3,000 മുതൽ 5,000 റിയാൽ വരെ പിഴ ലഭിക്കുന്ന കുറ്റമാണ്.
20. തൊഴിൽ ഒഴിവുകൾ പരസ്യപ്പെടുത്തുന്നതിനും അഭിമുഖങ്ങൾ നടത്തുന്നതിനുമുള്ള ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ 1,000 മുതൽ 3,000 റിയാൽ വരെ.
21. വനിതാ തൊഴിലാളികൾക്ക് പ്രസവാവധി നൽകിയില്ലെങ്കിൽ 1,000 റിയാൽ പിഴ.
22. കുറഞ്ഞത് 51 ശതമാനം ഓഹരി പങ്കാളിത്തമുള്ള സർക്കാർ സ്ഥാപനങ്ങളുമായിൽ കരാറുള്ള സ്ഥാപനങ്ങൾ കരാർ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലോ തെറ്റായതോ അപൂർണമോ ആയ വിവരങ്ങൾ നൽകുകയോ ചെയ്താൽ 1,000 മുതൽ 5,000 റിയാൽ വരെ പിഴ ചുമത്തും.
23. ഭിന്നശേഷിക്കാർക്ക് ജോലി ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും സൗകര്യങ്ങളും ഒരുക്കിയില്ലെങ്കിൽ തൊഴിലുടമക്ക് 500 റിയാൽ പിഴ.
24. വനിതാ തൊഴിലാളികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ജോലികളിൽ രണ്ട് സ്വദേശി പുരുഷ തൊഴിലാളികളെ നിയമിച്ചാൽ 1,000 റിയാലാണ് പിഴ. തൊഴിലാളികളുടെ എണ്ണമനുസരിച്ച് പിഴ വ്യത്യാസപ്പെടും.
© Copyright 2024. All Rights Reserved