റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വൈറൽ ചിത്രം ഇനി ഇമോജിയാകും. സിറിയക്ക് മേലുള്ള ഉപരോധം പിൻവലിക്കും എന്ന ട്രപിന്റെ പ്രഖ്യാപന സമയത്തുള്ള കിരീടാവകാശിയുടെ ചിത്രത്തിൽ നിന്നുമാണ് പുതിയ ഇമോജി സൃഷ്ടിക്കുന്നത്. നെഞ്ചിൽ കൈ വെച്ച് കൊണ്ടുള്ള പുതിയ ഇമോജി സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശം സൗദി സോഫ്റ്റ്‌വെയർ എഞ്ചിനീയർ അലി അൽ മുതൈരി യൂണികോഡ് കൺസോർഷ്യത്തിന് സമർപ്പിച്ചിട്ടുണ്ട്.
മിഡിൽ ഈസ്റ്റ് സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദിയിലെത്തിയപ്പോഴാണ് സിറിയക്ക് മേലുള്ള ഉപരോധം പിൻവലിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ആ സമയത്തുള്ള സൗദി കിരീടാവകാശിയുടെ പ്രതികരണമാണ് ഏവരുടെയും ശ്രദ്ധ നേടിയത്. ട്രംപിനോടുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട് മുഹമ്മദ് ബിൻ സൽമാൻ തന്റെ ഇരുകൈകളും നെഞ്ചിൽ ചേർത്തുവെച്ചിരുന്നു. ഈ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായത്. ഇതോടെയാണ് ഈ ചിത്രത്തിൽ നിന്നും പുതിയ ഇമോജി സൃഷ്ടിക്കുന്നത് സംബന്ധിച്ച ആശയം വന്നത്.
ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് അത്. അത് ഇന്നത്തെ കാലത്തെ ഭാഷയായ ഇമോജിയാക്കി പുന:സൃഷ്ടിച്ചാൽ നല്ലതായിരിക്കും എന്ന് തോന്നി. ജീവിതത്തിൽ പലരോടും ആഴത്തിൽ നന്ദി സൂചിപ്പിക്കുന്ന സാഹചര്യങ്ങൾ നമുക്ക് ഉണ്ടാകും. അത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഇമോജിയായിട്ടായിരിക്കും ഈ ചിത്രത്തിലെ ആംഗ്യത്തെ മാറ്റുന്നത്. ഒരുപാട് ദേശങ്ങളിലെ സംസ്കാരങ്ങൾ ഇതിനോടകം തന്നെ ഇമോജികളായി പുന:സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ജാപ്പനീസ് കിമോണോ, ഇന്ത്യൻ സാരി, റഷ്യൻ മാട്രിയോഷ്ക പാവ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഇപ്പോൾ സൗദി, ഗൾഫ് സംസ്കാരങ്ങളെയും ഇത്തരത്തിൽ ഇമോജി പോലുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഭാഷയാക്കി മാറ്റേണ്ട സമയമായിരിക്കുന്നു- അലി അൽ മുതൈരി പറഞ്ഞു.
© Copyright 2024. All Rights Reserved