കഴിഞ്ഞ ഒരാഴ്ചക്കിടെ സൗദി അറേബ്യ, ചൈന, യു എസ് എ, തുർക്കി, സിംബാബ്‍വെ, സെനഗൽ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്ന് ഇരുന്നൂറോളം പാകിസ്ഥാൻ പൗരന്മാരെ നാടുകടത്തി. വിസ നിയമ ലംഘനങ്ങൾ, മനുഷ്യക്കടത്ത്, മറ്റ് നിയമ പ്രശ്നങ്ങൾ എന്നിവയെ തുടർന്നാണ് ഇവരെ നാടുകടത്തിയതെന്ന് ഇമ്മിഗ്രേഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
--------------------------------
വിവിധ രാജ്യങ്ങളിൽ നിന്ന് നാടുകടത്തപ്പെട്ട് കറാച്ചിയിലെത്തിയ ഇവരിൽ 12 പേരെ അറസ്റ്റു ചെയ്തെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരാളൊഴികെ ബാക്കിയുള്ളവരെ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതായാണ് വിവരം. ജനുവരി 19 മുതൽ 21 വരെ രണ്ടു ദിവസത്തിനുള്ളിൽ സൗദിയിൽ നിന്നു മാത്രം 47 പാക്കിസ്ഥാനികളെയാണ് നാടുകടത്തിയത്. ഇവർ വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുകയോ കരിമ്പട്ടികയിൽ ഉൾപ്പെടുകയോ തൊഴിൽ ദാതാവില്ലാതെ രാജ്യത്ത് ജോലി ചെയ്യുകയോ ഓൺലൈൻ വിസകൾ റദ്ദാക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്യപ്പെട്ടവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ 17 പേർ ഭിക്ഷാടനത്തിനും മറ്റു ചിലർ പാസ്പോർട്ട് നഷ്ടപ്പെട്ടതിനാലോ തൊഴിൽ ദാതാവിന്റെ പരാതിയിന്മേലോ നാടുകടത്തപ്പെട്ടവരുമാണ്.
അടിയന്തിര രേഖകളുമായി യാത്ര ചെയ്ത രണ്ടു പേരെയാണ് അമേരിക്ക നാടുകടത്തിയത്. ഇമിഗ്രേഷൻ അധികൃതർ തടഞ്ഞതിനെ തുടർന്നാണ് സിംബാബ്‍വേയിൽ നിന്ന് മൂന്ന് പാക്കിസ്ഥാനികളെ നാടുകടത്തിയത്. സൈപ്രസ്, പ്രിട്ടോറിയ, ഖത്തർ, ഉഗാണ്ട, ചൈന പൗരത്വമുള്ളവരെയും ഈ രാജ്യങ്ങളിൽ നിന്ന് നാടുകടത്തിയിട്ടുണ്ട്. ജയിൽ ശിക്ഷക്ക് ശേഷം യു എ ഇയിൽ നിന്നും 103 പാകിസ്ഥാനികളെയാണ് അടിയന്തിരമായി നാടുകടത്തിയത്. മനുഷ്യക്കടത്തിനിരകളായ രണ്ട് പാകിസ്ഥാൻ വംശജരെയാണ് സെനഗൽ നാടുകടത്തിയത്. 2025 ൻറെ തുടക്കത്തിൽ തന്നെ സൗദി അറേബ്യ, ചൈന, യു എ ഇ തുടങ്ങി ഏഴ് രാജ്യങ്ങളിൽ നിന്ന് 258 പാകിസ്താൻ വംശജരെ നാടുകടത്തിയിരുന്നു. ഇവരിൽ 14 പേർക്ക് പാകിസ്ഥാൻ പാസ്‌പോർട്ടുകൾ ഉണ്ടായിരുന്നു.
© Copyright 2024. All Rights Reserved