റിയാദ്: ഹജ്ജിന്റെ സുപ്രധാന കർമങ്ങൾ ബുധനാഴ്ച ആരംഭിക്കും. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ തീർഥാടകർ ചൊവ്വാഴ്ച രാത്രി മുതൽ മിനാ താഴ്വരയിലേക്ക് നീങ്ങിത്തുടങ്ങും. 20 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. ഹജ്ജിന്റെ ആദ്യ ദിനം തീർഥാടകർ താമസിക്കുന്നത് മിനയിലാണ്. 25 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മിനായിൽ രണ്ട് ലക്ഷത്തോളം തമ്പുകൾ ഉണ്ട്. അതിന് പുറമെ ഹോട്ടലിനോളം പോന്ന സൗകര്യങ്ങളുള്ള മിനാ ടവറുകളുമുണ്ട്. മുഴുവൻ തീർഥാടകരും ഇവിടെ തങ്ങിയ ശേഷം വ്യാഴാഴ്ച നടക്കുന്ന ഹജ്ജിെൻറ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ പങ്കെടുക്കാൻ പുലർച്ചെ മുതൽ അറഫ മൈതാനിയിലേക്ക് നീങ്ങും.
ഒരു പകൽ മുഴുവൻ അറഫയിൽ കഴിച്ചുകൂട്ടി, മുസ്‌ദലിഫയിൽ അന്തിയുറങ്ങി വെള്ളിയാഴ്ച മിനായിൽ തിരിച്ചെത്തും. അവിടെ മൂന്ന് ദിവസം രാപ്പാർത്താണ് ബാക്കി കർമങ്ങൾ പൂർത്തിയാക്കുക. ബലിയറുക്കൽ, മൂന്ന് ദിവസത്തെ ജംറയിൽ കല്ലേറ് കർമം, മക്ക മസ്ജിദുൽ ഹറാമിലെത്തി പ്രദക്ഷിണം എന്നിവയാണ് ബാക്കി കർമങ്ങൾ. ഇതെല്ലാം പൂർത്തിയാകുന്നതോടെ ഈ വർഷത്തെ ഹജ്ജ് അവസാനിക്കും.
© Copyright 2024. All Rights Reserved