മക്ക: ഹജ്ജ് തീര്‍ത്ഥാടനത്തിന് ബുധനാഴ്ച മിനായില്‍ തുടക്കമാകും. ബുധനാഴ്ച മിനായിലെ കൂടാരത്തിൽ മുഴുവൻ തീർഥാടകരും താമസിക്കുന്നതോടെയാണ് ഹജ്ജിന് ഔദ്യോഗിക തുടക്കമാകുക. ഇതിനായി വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയ തീർഥാടകർ ബുധനാഴ്ച ഉച്ചയോടെ മിനായിലെ കൂടാരത്തിൽ എത്തിച്ചേരും.
മക്കയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവർ ഹറം പള്ളിയിലെത്തി കഅബാ പ്രദക്ഷിണം നടത്തിയ ശേഷമാണ് മിനായിലെ കൂടാരത്തിലേക്കു പോകുക. ഹജ്ജിന് മുന്നോടിയായി മദീനയിലുള്ള മുഴുവൻ തീർഥാടകരും ഇന്നു വൈകിട്ടോടെ മക്കയിൽ എത്തിച്ചേരും. ഹജ്ജില്‍ തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ സേനകള്‍ സജ്ജമായി. വിവിധ സേനകളുടെ ഫീൽഡ് ദൗത്യങ്ങൾക്കുള്ള തയാറെടുപ്പുകൾ ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സഊദ് പരിശോധിച്ചു.
സുരക്ഷാസേനയുടെ പരേഡും സൈനിക അഭ്യാസ പ്രകടനങ്ങളും മോക് ഡ്രില്ലും ആഭ്യന്തരമന്ത്രി വിലയിരുത്തി. വിവിധ സുരക്ഷാ വകുപ്പുകളാണ് പരേഡിൽ അണിനിരന്നത്. ഹജ്ജ് സീസൺ സുരക്ഷിതമാക്കുന്നതിനും തീര്‍ത്ഥാടകരുടെ സൗകര്യത്തിനുമായി ഉയര്‍ന്ന സാങ്കേതിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
© Copyright 2024. All Rights Reserved