ഹമാസ്, ഇസ്ബുള്ള തീവ്രവാദി സംഘടനകളുടെ നേതാക്കൾ കൊല്ലപ്പെട്ടത് ബ്രിട്ടന്റെ മണ്ണിലേക്ക് വീണ്ടും ഇസ്ലാമിക തീവ്രവാദത്തെ കൊണ്ടുവന്നേക്കുമെന്ന് മുൻ എം ഐ 6 മേധാവിയുടെ മുന്നറിയിപ്പ് . പോലീസും ഇന്റലിജൻസ് ഏജൻസികളും ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും മുൻ എം ഐ 6 മേധാവി സർ ജോൺ സോവേഴ്സ് പറഞ്ഞു.
-------------------aud--------------------------------
ഒക്ടോബർ 7 ലെ തീവ്രവാദി ആക്രമണം ആസൂത്രണം ചെയ്ത യാഹ്യ സിൻവറിന്റെ വധം ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇസ്രയേൽ സ്ഥിരീകരിച്ചത്. ഇത് ഒരുപക്ഷെ ഇസ്ലാമിക ഭീകരവാദത്തിന് കൂടുതൽ ശക്തി പകരനായിരിക്കും സഹായിക്കുക എന്ന് സ്‌കൈ ന്യൂസിൻ- നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഹമാസിന്റെയും ഹിസ്ബുള്ളയുടെയും പുതിയ തലമുറ നേതാക്കൾ അതീവ അക്രമങ്ങളുടെ പാത സ്വീകരിച്ചേക്കാം എന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിനെ മാത്രം ഉന്നം വയ്ക്കുന്ന ഒരു തീവ്രവാദ സംഘടനകൾ ആയിരിക്കില്ല അവയെന്നും ഒരുപക്ഷെ ലോകത്തെ മുഴുവൻ ആക്രമിക്കാൻ ഉന്നം വയ്ക്കുന്ന ആഗോള ഭീകരസംഘടനകളായി മാറിയേക്കാം എന്നും അദ്ദേഹം പറയുന്നു.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയായി 2009 മുതൽ 2014 വരെ പ്രവർത്തിച്ച സേവേഴ്സ് അതിനു ശേഷം ഈജിപ്തിൽ ബ്രിട്ടീഷ് അമ്പാസിഡറായും പ്രവർത്തിച്ചിട്ടുണ്ട്. അതിനിടയിൽ, ശനിയാഴ്ച ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ടെലെഫോൺ സംഭാഷണത്തിൽ ഉടനടി യുദ്ധം നിർത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കീർ സ്റ്റാർമർ ആവശ്യപ്പെട്ടു. ഇസ്രയേലിലെ നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതിന് തൊട്ടുപിന്നാലെയാണിത്.
നെതന്യാഹുവിനെതിരെ ഉണ്ടായ ആക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ കീർ സ്റ്റാർമർ, കൊല്ലപ്പെട്ട ഹമാസ് നേതാവ് സിൻവറിനെ വിശേഷിപ്പിച്ചത് അതിക്രൂരനായ ഭീകരൻ എന്നായിരുന്നു. അയാൾ ഈ ലോകം വിട്ടു പോയതോടെ ലോകം കൂടുതൽ മെച്ചപ്പെടും എന്നും സ്റ്റാർമർ പറഞ്ഞു. സിൻവറിന്റെ മരണത്തോടെ ലഭിച്ച പുതിയ അവസരം ഉപയോഗിച്ച് ആഗോള സമൂഹം ഒരു വെടി നിർത്തലിന് ശ്രമിക്കണമെന്ന് വെള്ളിയാഴ്ച സ്റ്റാർമർ ബെർലിനിൽ പ്രസ്താവിച്ചിരുന്നു. ഗാസയിലേക്ക് മനുഷ്യ സഹായങ്ങൾ എത്തിക്കുന്നതിന് ഇനിയും ഒഴിവുകഴിവുകൾ പറയുന്നത് ലോകം സഹിക്കുകയില്ലെന്ന മുന്നറിയിപ്പും സ്റ്റാർമർ നൽകി. 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിന് മറുപടിയായി ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ, ഗാസയിൽ ഇതുവരെ 42,603 പാലസ്തീനികൾ കൊല്ലപ്പെട്ടതായും 99,795 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. ഇന്നലെ ഗാസ ആരോഗ്യമന്ത്രാലയം പുറത്തു വിട്ടതാണ് ഈ കണക്കുകൾ. സിൻവർ കൊല്ലപ്പെട്ടതിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേലിനോട് യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെടിരുന്നു. എന്നാൽ, ഇസ്രയേലോ, ഹമാസോ, ഹിസ്ബുള്ളയോ, ഇറാനോ യുദ്ധം നിർത്തുന്നതിന് സന്നദ്ധരാണെന്ന സൂചന പോലും തൗന്നില്ല എന്നതാണ് യാഥാർത്ഥ്യം. അതിനിടെ തന്റെ വീടിന് നേരെയുണ്ടായ ആക്രമണം നടത്തിയത് ഹിസ്ബുള്ളയാണെന്ന് ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു.തന്നെയോ ഇസ്രയേലിനെയോ ഭയപ്പെടുത്തി പിന്മാറ്റാം എന്ന് കരുതണ്ട എന്ന് പറഞ്ഞ നെതന്യാഹു, പക്ഷെ ഹിസ്ബുള്ള ചെയ്തത് വലിയൊരു തെറ്റായി എന്നും പറഞ്ഞു.
© Copyright 2024. All Rights Reserved