
ഹോങ്കോങ് . ഹോങ്കോങ്ങിലെ തായ്പോ ജില്ലയിലുള്ള പാർപ്പിട സമുച്ചയങ്ങളിലുണ്ടായ വൻ തീപിടിത്തത്തിൽ 44 മരണം. 45 പേരുടെ നില ഗുരുതരമാണ്. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. 279 പേരെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. നിർമാണ കമ്പനിയിലെ മൂന്നു ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു.
വാങ് ഹുക് കോർട്ട് ഹൗസിങ് കോംപ്ലക്സിലെ 32 നിലക്കെട്ടിടത്തിലെ ഏഴോളം ബ്ലോക്കുകളിലാണ് തീപടർന്നതെന്നാണ് പ്രാഥമിക വിവരം. മുളകൊണ്ടുള്ള മേൽത്തട്ടിയിൽ തീ പിടിച്ചാണു ദുരന്തം 8 ടവറുകളിലായി 2,000 പേർ താമസിക്കുന്ന പാർപ്പിടസമുച്ചയമാണിത്. രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രാദേശിക സമയം വൈകിട്ട് 6.20 ഓടെയാണ് സംഭവം
കെട്ടിടങ്ങളുടെ മുകൾനിലകളിലുള്ളവരാണ് കുടുങ്ങിക്കിടക്കുന്നത്. ഏറ്റവും ഉയർന്ന 'ലെവൽ 5' തീപിടിത്തമായി പരിഗണിച്ചാണ് ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. മരിച്ചവരിൽ ഒരു അഗ്നിരക്ഷാസേന അംഗവും ഉൾപ്പെടും. നിരവധി പാർപ്പിട സമുച്ചയങ്ങൾ അടുത്തടുത്തായി സ്‌ഥിതിചെയ്യുന്ന മേഖലയിലാണിത്. അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്കു പുറമേ കെട്ടിയ മുളങ്കാലുകളിൽ നിന്നാണ് ആദ്യം തീപടർന്നത്. ഇതു കെട്ടിടത്തിലേക്കും മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. മുപ്പതു വർഷത്തിനിടയിൽ ഹോങ്കോങ്ങിലെ ഏറ്റവും വലിയ തീപിടിത്തമാണിതെന്ന് അധികൃതർ പറഞ്ഞു. 1998 നവംബറിൽ കൗലൂൺ ജില്ലയിലെ വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 41 പേരാണ് മരിച്ചത്.
















© Copyright 2025. All Rights Reserved