
മധ്യപൂർവേഷ്യയിലെ സംഘർഷസാഹചര്യങ്ങൾക്കിടെ ഹോർമുസ് കടലിടുക്കിന് സമീപം നാവികസേനാ പ്രവർത്തനം വിപുലീകരിക്കാൻ ദക്ഷിണകൊറിയയുടെ തീരുമാനം. കടൽക്കൊള്ള വിരുദ്ധ ദൗത്യത്തിനായി നിയോഗിച്ചിട്ടുള്ള ചിയോങ്ഹേ യൂണിറ്റിന്റെ പ്രവർത്തനപരിധി വികസിപ്പിക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്. നിലവിൽ ഗൾഫ് ഓഫ് ഏഡൻ കേന്ദ്രീകരിച്ചാണ് ഈ യൂണിറ്റ് പ്രവർത്തിക്കുന്നത്. ഒമാന്റെ തെക്കൻ തീരത്തോട് ചേർന്ന അറബിക്കടൽ മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി. ഇതിനായി പി-8എ വിഭാഗത്തിലുള്ള സമുദ്ര നിരീക്ഷണ വിമാനവും വിന്യസിക്കും. സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കുന്നതിൽ വിദഗ്ധരായ സൈനികരെയും ദൗത്യത്തിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്. നിലവിലുള്ള സൈനിക സംഘത്തിൽ 75 പേരെക്കൂടി ഉൾപ്പെടുത്താനാണ് തീരുമാനം. ഇതോടെ യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം 395 ആയി ഉയരും. വാണിജ്യ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര എണ്ണവ്യാപാരത്തിലെ ഏറ്റവും നിർണായകമായ സമുദ്രപാതകളിലൊന്നാണ്. ദക്ഷിണകൊറിയയുടെ എണ്ണ ഇറക്കുമതിയിൽ വലിയൊരു പങ്ക് മധ്യപൂർവേഷ്യയിൽ നിന്നാണ് എത്തുന്നത്. അതിനാൽ ഈ സമുദ്രപാതയിലെ സുരക്ഷ രാജ്യത്തിന്റെ സാമ്പത്തിക താൽപര്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഇറാനെതിരായ യുദ്ധത്തിൽ നേരിട്ട് സൈനികമായി ഇടപെടുകയല്ല പദ്ധതിയുടെ ലക്ഷ്യമെന്ന് ദക്ഷിണകൊറിയൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഒമാന്റെ തെക്കുഭാഗത്തുള്ള അന്താരാഷ്ട്ര സമുദ്രപരിധിയിലായിരിക്കും പ്രവർത്തനം നിയന്ത്രിക്കുക. ഇറാന്റെ ഭൂപ്രദേശമോ സമുദ്രപരിധിയോ നിരീക്ഷിക്കുന്നതിന് വിമാനത്തെ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു. ദൗത്യത്തിന്റെ കാലാവധി നീട്ടുന്നതിനും പ്രവർത്തനപരിധി മാറ്റുന്നതിനും പാർലമെന്റിന്റെ അംഗീകാരം ആവശ്യമാണ്. മന്ത്രിസഭയുടെ അംഗീകാരത്തിനുശേഷം ഇതുസംബന്ധിച്ച പ്രമേയം പാർലമെന്റിൽ അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനം. യുദ്ധാനന്തര കാലത്ത് ഹോർമുസ് കടലിടുക്കിലെ കുഴിബോംബുകൾ നീക്കം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും ദക്ഷിണകൊറിയ തയ്യാറെടുക്കുകയാണ്.
















© Copyright 2025. All Rights Reserved