
ക്വാലലംപുർ അതിരൂക്ഷമായി തുടരുകയായിരുന്ന വ്യാപാരത്തർക്കം തീർത്ത് യുഎസും ചൈനയും കരാറിനു തൊട്ടരികിൽ. തർക്കങ്ങളിൽ മഞ്ഞുരുകിയെന്നും പരസ്‌പര ധാരണയായെന്നും ചർച്ചകളിൽ ചൈനയുടെ പ്രതിനിധിയായ ലി ചെങ്ഗാങ് ആസിയാൻ ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
തർക്കവിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ പ്രാഥമിക ധാരണയായെന്നാണ് ചെങ്ഗാങ് അറിയിച്ചത്. കരാറിനു വഴിയൊരുങ്ങിയെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും പറഞ്ഞു. സമീപഭാവിയിൽ ചൈന സന്ദർശിക്കുമെന്നു പറഞ്ഞ ട്രംപ്, ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ് യുഎസിൽ വാഷിങ്ടനിലോ ഫ്ലോറിഡയിലെ തൻ്റെ സ്വകാര്യവസതിയിലോ സന്ദർശനം നടത്തുന്നതും സ്വാഗതം ചെയ്തു.
ചൈനയ്ക്കു മേൽ യുഎസ് ചുമത്തിയ 100 ശതമാനം തീരുവ ഒഴിവാകുമെന്നും യുഎസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി ചൈന പുനരാരംഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സൻ്റ് പ്രത്യാശ പ്രകടിപ്പിച്ചു. ഈയാഴ്ച്‌ച ദക്ഷിണ കൊറിയയിൽ നടക്കുന്ന അപെക് ഉച്ചകോടിക്കിടെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും കൂടിക്കാഴ്‌ച നടത്തിയേക്കും.
















© Copyright 2025. All Rights Reserved