സാൻജോസ് (യുഎസ്). വിരലറ്റത്ത് ഈശ്വരൻ പതിച്ചുവിട്ട് ക്യുആർ കോഡ് അഥവാ വിരലടയാളം അരനൂറ്റാണ്ടിനുശേഷം കൊലക്കേസ് പ്രതിയെ കുടുക്കി. കലിഫോർണിയയിൽ 1977ൽ ജനറ്റ് റാൽസൺ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വില്ലി യൂജി സിംസിനാണ് (69) ഇരുപത്തൊന്നാം വയസ്സിൽ ചെയ്ത കുറ്റത്തിനു ചിടിയിലായത്. തെളിവായത് ജനറ്റ് കൊല്ലപ്പെട്ട കാറിനുള്ളിൽനിന്നു കണ്ടെടുത്ത സിഗരറ്റ് പായ്ക്കറ്റിലെ വിരലടയാളം. 'പുകവലി ഹാനികരം' എന്നതിന് ഇതിനോളം വലിയ പരസ്യമില്ല! ഫെഡറൽ ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോയുടെ ആധുനിക സംവിധാനംവഴി വിരലടയാളം പരിശോധിച്ചപ്പോഴാണു വില്ലിയാണു വില്ലൻ എന്നു തിരിച്ചറിഞ്ഞത്.
കലിഫോർണിയയിലെ ബാറിനടുത്തുള്ള അപ്പാർട്മെന്റ് കോംപ്ലക്‌സിന്റെ പാർക്കിങ്ങിൽ കാറിൻ്റെ പിൻസീറ്റിലാണ്. നീളക്കയ്യൻ ഷർട്ട് ഉപയോഗിച്ചു കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ ജനറ്റിൻ്റെ മൃതദേഹം കണ്ടെത്തിയത്. ലൈംഗികാതിക്രമത്തിൻ്റെ തെളിവുകളും ലഭിച്ചിരുന്നു. തലേന്നു രാത്രി ജനറ്റ് അജ്ഞാത പുരുഷനൊപ്പം ബാറിൽനിന്നു പോകുന്നതു കണ്ടതായി സുഹൃത്തുക്കൾ പറഞ്ഞു. വിരലടയാളം വഴി അന്വേഷണം നടത്തിയെങ്കിലും പിന്നീട് നിലച്ചു. അതേവർഷം സൈനിക കേന്ദ്രത്തിൽ ആർമി പ്രൈവറ്റ് ആയി നിയമനം നേടിയ വില്ലി സിംസിൻ പിറ്റേവർഷം മറ്റൊരു കേസിൽ കൊലപാതകശ്രമത്തിന് നാലുവർഷം തടവിലായി.
ആധുനിക സംവിധാനത്തിലൂടെ വിവിധ കേസുകളിലെ ലക്ഷക്കണക്കിനു വിരലടയാളങ്ങൾ ഒത്തുനോക്കിയപ്പോഴാണ് വില്ലിയിലേക്ക് അന്വേഷണമെത്തിയത്. ജനറ്റിൻ്റെ നഖങ്ങൾക്കിടയിൽ നിന്നു കിട്ടിയ ഡിഎൻഎ സാംപിൾ വില്ലിയുടേതുമായി യോജിച്ചതോടെയാണ് അറസ്‌റ്റ്. പ്രതിയെ പിടികൂടിയതിൽ നന്ദിയുണ്ടെന്നു ജനറ്റ് കൊല്ലപ്പെടുമ്പോൾ വയസ്സ് മാത്രമുണ്ടായിരുന്ന മകൻ അലൻ (54) പറഞ്ഞു.
© Copyright 2024. All Rights Reserved