കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെയും കുവൈത്ത് ഹെറിറ്റേജ് സൊസൈറ്റിയുടെയും സഹകരണത്തോടെ നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്‌സ് & ലിറ്ററേച്ചർ (NCCAL) കുവൈത്ത് നാഷണൽ ലൈബ്രറിയിൽ 'റിഹ്‌ല-ഇ-ദോസ്തി' എന്ന പേരിൽ പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു. ഇന്ത്യ - കുവൈത്ത് ബന്ധത്തിന്റെ 250 വർഷം അടയാളപ്പെടുത്തുന്നതായിരുന്നു പ്രദര്‍ശനം. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയും എൻസിസിഎഎൽ ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അൽ-ജാസറും ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രം എടുത്തുകാണിക്കുന്ന സമ്പന്നവും വൈവിധ്യപൂർണ്ണവുമായ വസ്തുക്കളുടെ ഒരു ശേഖരം പ്രദർശനത്തിൽ ഉണ്ടായിരുന്നു. അപൂർവ കയ്യെഴുത്ത്പ്രതികൾ, ചരിത്ര രേഖകൾ, പുസ്തകങ്ങൾ, കത്തുകൾ, 1961വരെ കുവൈത്തിൽ നിയമപരമായി നിലനിൽക്കുന്ന നാണയങ്ങൾ, ഇന്ത്യൻ രൂപ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, പ്രധാനപ്പെട്ട ഉഭയകക്ഷി വിവിഐപി സന്ദർശനങ്ങളുടെ ഫോട്ടോഗ്രാഫുകളും വീഡിയോകളും ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാംസ്കാരികവും നയതന്ത്രപരവുമായ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന പുരാവസ്തുക്കളും മറ്റ് ശ്രദ്ധേയമായ വസ്തുക്കളും ഇതിൽ പ്രദർശിപ്പിച്ചിരുന്നു. മെയ് 19 മുതൽ മെയ് 24 വരെയാണ് കുവൈത്ത് നാഷണൽ ലൈബ്രറിയിൽ 'റിഹ്‌ല-ഇ-ദോസ്തി' നടക്കുന്നത്.
ഇന്ത്യയുമായുള്ള ബന്ധം ആഴത്തിലുള്ള ധാരണയുടെയും സാംസ്കാരിക കൈമാറ്റത്തിന്റെയും ഒരു സവിശേഷ മാതൃകയാണ് എന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഹമ്മദ് അൽ ജസ്സാർ പറഞ്ഞു. ജനങ്ങൾക്കിടയിൽ ബന്ധം ശക്തിപ്പെടുത്തുന്നതിൽ സംസ്കാരത്തിനും കലയ്ക്കും ഉള്ള പങ്കിനെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ചടങ്ങിൽ സർക്കാർ പ്രതിനിധികൾ, അംബാസഡർമാർ, നയതന്ത്ര സേനയിലെ അംഗങ്ങൾ, ബിസിനസ് പ്രമുഖർ, മാധ്യമങ്ങൾ തുടങ്ങി 200ലധികം അതിഥികൾ പങ്കെടുത്തു.
© Copyright 2024. All Rights Reserved