മോസ്കോ കീവ് • യുദ്ധം നിർത്താൻ യുക്രെയ്‌നുമായി നേരിട്ടു ചർച്ചയാകാമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിൻ.
തുർക്കിയിലെ ഇസ്‌തംബുളിൽ അടുത്ത വ്യാഴാഴ്‌ച നേരിട്ടു ചർച്ച നടത്താമെന്ന നിർദേശമാണ് പുട്ടിൻ ഇന്നലെ മുന്നോട്ടു വച്ചത്. ചർച്ചയ്ക്കു തയാറാണെങ്കിലും ആദ്യം റഷ്യ വെടിനിർത്തണമെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസി പ്രതികരിച്ചു. ഇന്നലെ മോസ്കോ സമയം പുലർച്ചെ 1.30ന് ആയിരുന്നു പുട്ടിൻ്റെ ടെലിവിഷൻ പ്രസംഗം. ഈ സമയം യുഎസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 30 ദിവസത്തെ വെടിനിർത്തലിന് റഷ്യയോടും യുക്രെയ്‌നിനോടും ആഹ്വാനം ചെയ്യുകയായിരുന്നു.
യുക്രെയ്ൻ-യുഎസ് ധാതുഖനന ഉടമ്പടിയായ ശേഷം ട്രംപ് ഇപ്പോൾ റഷ്യയോടുള്ള മൃദുസമീപനം നിർത്തി ക്ഷമ കെട്ട ഭാവത്തിലാണ്.
ഉപാധികളില്ലാത്ത നേർക്കുനേർ ചർച്ചയാണ് പുട്ടിൻ നിർദേശിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനെപ്പറ്റി റഷ്യ ചിന്തിച്ചു തുടങ്ങിയതു ശുഭസൂചനയാണെന്നു സെലെൻസ്‌കി പറഞ്ഞു. 'സംഘർഷം അവസാനിപ്പിക്കണമെന്ന് ആത്മാർഥമായ ആഗ്രഹമുണ്ടെങ്കിൽ ഇന്നു മുതൽ റഷ്യ വെടിനിർത്തൽ നടപ്പിലാക്കണം. അങ്ങനെയെങ്കിൽ യുക്രെയ്ൻ ചർച്ചയ്ക്കു തയാറാണ്'- സെലെൻസ്കി വ്യക്തമാക്കി. നാറ്റോ സഖ്യത്തിൽ അംഗമായ തുർക്കി റഷ്യയുമായി അടുത്ത സൗഹൃദം നിലനിർത്തിപ്പോരുന്ന രാജ്യമാണ്. കരിങ്കടൽ വഴിയുള്ള ധാന്യ നീക്കത്തിനായി 2022ൽ യുക്രെയ്ൻ-റഷ്യ ഉടമ്പടിയായത് തുർക്കിയുടെ മധ്യസ്‌ഥതയിലായിരുന്നു. അന്നു സമാധാന ഉടമ്പടിയുടെ കരാറും തയാറാക്കിയെങ്കിലും മുന്നോട്ടു പോയില്ല.
യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ 14 മുതൽ 16 വരെ തുർക്കി സന്ദർശിക്കുന്നുണ്ട്. യുക്രെയ്ൻ-റഷ്യ യുദ്ധം സംബന്ധിച്ച് നാറ്റോ നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തും. ആദ്യം വെടിനിർത്തൽ, അതിനുശേഷം ചർച്ച എന്ന നിലപാടാണ് യുഎസിനും. ട്രംപിൻ്റെ പ്രതിനിധി കെയ്ത് കെലോഗ് ഇന്നലെയും ഇതാവർത്തിച്ചു. നേരിട്ടുള്ള ചർച്ചയ്ക്കായി പുട്ടിൻ്റെ ക്ഷണം ഗൗരവത്തോടെയുള്ളതാണെന്നും അതു ശാശ്വത സമാധാനത്തിലേക്കുള്ള ചുവടാണെന്നും അദ്ദേഹത്തിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. അവസരം പ്രയോജനപ്പെടുത്തണമെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗനും അഭിപ്രായപ്പെട്ടു.
© Copyright 2024. All Rights Reserved