തിരുവനന്തപുരം: വര്‍ക്കല ശിവഗിരി റെയില്‍വേ സ്‌റ്റേഷന്‍ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താൻ നിർമാണം പുരോഗമിക്കുന്നു. കെ-റെയില്‍ - ആര്‍.വി.എന്‍.എല്‍ സംയുക്ത സംരംഭത്തിനാണ് നിര്‍മാണ ചുമതല. 123.36 കോടി രൂപ ചെലവാണ് പുതിയ റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കാൻ പ്രതീക്ഷിക്കുന്നത്.
30 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. നിശ്ചിത സമയത്തിനും ആറു മാസം മുമ്പേ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നതെന്ന് കെ റെയിൽ അറിയിച്ചു. മൂന്നു സെഗ്മെന്റുകളായാണ് പ്രധാന കെട്ടിടം പണിയുന്നത്. ഇതില്‍ അഞ്ചു നിലകളുള്ള ആദ്യ സെഗ്മെന്റില്‍ അവസാന നിലയുടെയും രണ്ടാമത്തെ സെഗ്മെന്റിലെ മൂന്നാം നിലയുടേയും പ്രവൃത്തിയാണ് നടന്നു കൊണ്ടിരിക്കുന്നു.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്നതോടൊപ്പം അന്താരാഷ്ട്ര നിലാവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ച 100 റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ് വര്‍ക്കല. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജംഗ്ഷന്‍, എറണാകുളം ടൗണ്‍ കൊല്ലം, തൃശൂര്‍ എന്നിവയാണ് കേരളത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന മറ്റ് സ്റ്റേഷനുകൾ.
കേരളത്തിന്റെ തനതു വാസ്തു ശില്‍പ മാതൃകയില്‍ നിര്‍മിക്കുന്ന വര്‍ക്കല സ്‌റ്റേഷന്‍ കെട്ടിടത്തില്‍ യാത്രക്കാരുടെ സുഖ സൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളുണ്ടാകും. അപകടങ്ങള്‍ ഒഴിവാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളുമുണ്ടാകുമെന്ന് കെ റെയിൽ അറിയിച്ചു.
പ്ലാറ്റ്‌ഫോമിലൂടെയും പ്ലാറ്റ്‌ഫോമുകള്‍ക്കിടയിലും സഞ്ചരിക്കുന്നതിന് കാല്‍നടയാത്രക്കാര്‍ക്ക് പ്രത്യേക സംവിധാനമുണ്ടാകും. കുറ്റകൃത്യങ്ങളും അതിക്രമങ്ങളും അനധികൃത കടന്നു കയറ്റങ്ങളും തടയാന്‍ പ്രത്യേക സംവിധാനമുണ്ടാകും. പബ്ലിക് ടോയ്‌ലറ്റ്, കുടിവെള്ളം. വിശ്രമ കേന്ദ്രങ്ങള്‍, ഇന്‍ഫര്‍മേഷന്‍, എന്‍ക്വയറി കൗണ്ടറുകള്‍ എന്നിവ മാത്രമല്ല യാത്രക്കാരെ കാത്തിരിക്കുന്നത്. റിട്ടെയില്‍ ഷോറൂമുകള്‍, ഫുഡ് കോര്‍ട്ട്, എ.ടി.എം. തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. തിക്കും തിരക്കുമില്ലാതെ യാത്രക്കാര്‍ക്ക് നീങ്ങുന്നതിന് എലിവേറ്റേഴ്‌സ്, എസ്‌കലേറ്റേഴ്‌സ്, സഞ്ചരിക്കുന്ന നടപ്പാതകള്‍ തുടങ്ങിയവ ഉണ്ടാകും. 12 ലിഫ്റ്റുകള്‍, നാല് ബാഗേജ് സ്‌കാനറുകള്‍, എസ്‌കലേറ്റര്‍, നാല് മെറ്റല്‍ ഡിറ്റക്ടര്‍ എന്നിവയുണ്ടാകുമെന്ന് കെ റെയിൽ അറിയിച്ചു.
© Copyright 2024. All Rights Reserved