
ഇസ്ലാമാബാദ് രുക്ഷമായ ഏറ്റുമുട്ടലിനൊടുവിൽ 48 മണിക്കൂർ നേരത്തേക്ക് വെടിനിർത്തൽ ധാരണയിലെത്തി പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും. വൈകിട്ട് 6.30 ഓടെ വെടിനിർത്തൽ നിലവിൽ വന്നു. ഇന്ന് ഇരുഭാഗത്തും കനത്ത ആൾനാശമുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണു വെടിനിർത്താൻ തീരുമാനം. ഇരുപക്ഷവും പ്രശ്നപരിഹാരത്തിനു സംഭാഷണങ്ങളിലൂടെ ആത്മാർഥമായ ശ്രമം നടത്തുമെന്നു പാക്കിസ്‌ഥാൻ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
അഫ്ഗാനിസ്ഥാനാണു വെടിനിർത്തലിന് ആവശ്യപ്പെട്ടതെന്നു പാക്കിസ്ഥാൻ പറയുന്നു. അതേസമയം, വെടിനിർത്തലിനെ കുറിച്ചോ ആരാണ് ആദ്യം ആവശ്യപ്പെട്ടതെന്ന കാര്യത്തെ കുറിച്ചോ അഫ്ഗാനിസ്ഥാൻ പ്രതികരിച്ചിട്ടില്ല. അഫ്ഗാൻ - പാക് അതിർത്തിയിൽ ഇന്നു രാവിലെയുണ്ടായ ശക്‌തമായ വെടിവെപ്പിൽ ഇരുഭാഗത്തുമായി നിരവധി സൈനികർ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാൻ താലിബാൻ സൈന്യം പാക്ക് സൈന്യത്തിന്റെ നിരവധി അതിർത്തി പോസ്‌റ്റുകളും ടാങ്കും പിടിച്ചെടുത്തിരുന്നു.
അഫ്ഗാൻ-പാക് അതിർത്തിയായ ഡ്യൂറൻഡ് ലൈനിനോടു ചേർന്നുള്ള പാക് ജില്ലയായ ചമൻ, അഫ്ഗാൻ ജില്ലയായ സിൻ ബോൾദക് എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഏറ്റുമുട്ടൽ. 58 പാക്ക് സൈനികരെ വധിച്ചതായാണ് അഫ്ഗാൻ സൈന്യം അവകാശപ്പെട്ടത്. അതേസമയം, 200 അഫ്ഗാൻ സൈനികരെ വധിച്ചതായി പാക്ക് സൈന്യവും അവകാശപ്പെട്ടിരുന്നു. തങ്ങളുടെ ഭാഗത്ത് 23 സൈനികർ കൊല്ലപ്പെട്ടത് പാക്ക് സൈന്യം അംഗീകരിച്ചു. അഫ്ഗാൻ ഭാഗത്ത് 12 പേർ കൊല്ലപ്പെട്ടതായും 100ലേറെ പേർക്ക് പരുക്കേറ്റതായുമാണു താലിബാൻ അവകാശപ്പെടുന്നത്. കനത്ത തിരിച്ചടി നൽകിയെന്നും പാക്ക് താലിബാൻ്റെ പരിശീലന കേന്ദ്രമുൾപ്പെടെ തകർത്തതായും പാക്കിസ്‌ഥാൻ അവകാശപ്പെട്ടു.
കാബുളിലെ വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് താലിബാൻ സേന അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ പാക്കിസ്ഥാൻ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ആരംഭിച്ചത്. പാക്കിസ്ഥാനെതിരെ പോരാടുന്ന തെഹ്‌രീക്ക് ഇ താലിബാനെ അഫ്ഗാൻ സർക്കാർ സഹായിക്കുന്നു എന്നാണ് പാക്ക് സർക്കാരിന്റെ ആരോപണം. തുടർന്നാണ് ഇരുഭാഗവും ദിവസങ്ങൾ നീണ്ട ഏറ്റുമുട്ടലിലേർപ്പെട്ടത്.
















© Copyright 2025. All Rights Reserved