ബിൽ അടയ്ക്കാതെ പബ്ബിൽ നിന്നും കടന്നുകളഞ്ഞു എന്ന് ആരോപണം നേരിട്ട കുടുംബത്തിന് നഷ്ടപരിഹാരമായി 75,000 പൗണ്ട് (ഏകദേശം 86.3 ലക്ഷം രൂപ). വടക്കൻ അയർലണ്ടിൽ നിന്നുള്ള ഒരു പ്രശസ്ത കുടുംബത്തിന് നേരെയാണ് ആരോപണമുണ്ടായത്. പിന്നാലെ, കേസുമായി ഇവർ മുന്നോട്ട് പോവുകയായിരുന്നു.
കഴിഞ്ഞ വർഷം ജൂലൈയിലാണ് സംഭവം നടന്നത്. യുകെയിലെ ഡെർബിഷെയറിലെ ഒരു പബ്ബിൽ വച്ച് 150 പൗണ്ട് (17,200 രൂപയിൽ കൂടുതൽ) ബിൽ വന്നതിന് പിന്നാലെ ഇവർ പണം നൽകാതെ പോയി എന്നായിരുന്നു ആരോപണം. ദമ്പതികളായ പീറ്റർ, ആൻ മക്ഗിർ, അവരുടെ മക്കളായ പീറ്റർ ജൂനിയർ, കരോൾ എന്നിവർക്കെതിരെയായിരുന്നു ആരോപണമുയർന്നത്. ഇതേത്തുടർന്ന് വലിയ നാണക്കേടിലായിരുന്നു കുടുംബം.
ടൈഡ്‌സ്‌വെല്ലിലെ ഹോഴ്‌സ് ആൻഡ് ജോക്കി പബ്ബാണ് ഭക്ഷണം കഴിച്ച ശേഷം പണമടക്കാതെ കുടുംബം ഇറങ്ങിപ്പോയി എന്ന് ആരോപിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. കുടുംബമടങ്ങുന്ന സിസിടിവി ദൃശ്യങ്ങളും ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു.
എന്നാൽ, പിന്നീട് കുടുംബം പണമടച്ചിരുന്നു എന്ന് തെളിയുകയായിരുന്നു. ഒരു സ്റ്റാഫ് അംഗം പണം വാങ്ങുകയും കൃത്യമായ രീതിയിൽ അത് രേഖപ്പെടുത്താതെ പോയതുമായിരുന്നു ആരോപണങ്ങൾക്ക് പിന്നിൽ.
കൗണ്ടി ടൈറോണിൽ നിന്നുള്ള സമ്പന്നവും പ്രശസ്തവുമായ ഒരു കുടുംബമാണ് ആരോപണവിധേയരായ മക്ഗിർ കുടുംബം. ഈ ആരോപണം കുടുംബത്തിന് വലിയ മാനക്കേടാണ് ഉണ്ടാക്കിയത്. മാത്രമല്ല, ഇത്രയും സമ്പന്നമായ കുടുംബം ഈ പണം അടക്കാതെ മുങ്ങി എന്നത് പലർക്കും അപ്പോൾത്തന്നെ വിശ്വസിക്കാൻ സാധിച്ചിരുന്നില്ല.
അങ്ങനെയാണ് കുടുംബം കേസുമായി മുന്നോട്ടുപോയത്. ഒടുവിൽ കുടുംബം ജയിക്കുകയായിരുന്നു. പബ്ബ് തങ്ങളുടെ തെറ്റ് ഏറ്റുപറയുകയും നിയമപോരാട്ടത്തിന് മക്ഗിർ കുടുംബം ചെലവഴിച്ച തുകയടക്കം നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു.
© Copyright 2024. All Rights Reserved