ബ്രിട്ടനിൽ ആഞ്ഞടിച്ച് ഡരാഗ് കൊടുങ്കാറ്റ്. 90 മൈൽ വേഗതയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ബ്രിട്ടീഷ് തീരമണഞ്ഞ് ഡരാഗ് കൊടുങ്കാറ്റ്. ആദ്യം അയർലണ്ടിൽ പ്രവേശിച്ച കൊടുങ്കാറ്റിന്റെ തീവ്രത വ്യക്തമാക്കി കൗണ്ടി മയോയിൽ നിന്നുള്ള കനത്ത കാറ്റിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അർദ്ധരാത്രിയോടെ യുകെയിൽ ഡരാഗ് കൊടുങ്കാറ്റ് സമ്പൂർണ്ണ ശക്തി കൈവരിച്ചു. വെയിൽസ് അബെറിസ്റ്റ്വിത്തിലെ തീരത്ത് ഉയർന്ന തിരമാലകൾ തേടിയെത്തിയതിന് പുറമെ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ ശക്തമായ കാറ്റും വീശുന്നുണ്ട്.
-------------------aud--------------------------------
ശനിയാഴ്ച പുലർച്ചെ ജീവൻ അപകടത്തിലാക്കുന്ന റെഡ് വിൻഡ് മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചത്. പുലർച്ചെ 3 മുതൽ രാവിലെ 11 വരെ കാർഡിഫ്, സ്വാൻഡി, ബ്രിസ്റ്റോളിലെ ചില ഭാഗങ്ങൾ, നോർത്ത് സോമർസെറ്റ് ഉൾപ്പെടെ തീരമേഖലകളിൽ സുപ്രധാനമായ തോതിൽ കൊടുങ്കാറ്റിന്റെ പ്രഭാവം അനുഭവപ്പെടും.
കാറ്റിനുള്ള റെഡ് അലേർട്ട് ലഭിച്ച മേഖലകളിൽ അവശിഷ്ടങ്ങൾ പറക്കുന്നതും, മരങ്ങൾ മറിയുന്നതും, ഉയർന്ന തിരമാലകളും അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുകയെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. തീരദേശ റോഡുകളിലും, കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന വീടുകളും അപകടത്തിന്റെ മുന്നണിയിലാണ്.
വൈദ്യുതി, മൊബൈൽ സേവനങ്ങൾ തകരാറിലാകാനും, കെട്ടിടങ്ങൾക്കും, വീടുകൾക്കും കേട് വരുത്താനും കനത്ത കാറ്റ് കാരണമായേക്കാം. ബസ്, ട്രെയിൻ, ഫെറി സേവനങ്ങൾക്ക് പുറമെ വിമാനയാത്രകളെയും ഇത് സാരമായി ബാധിക്കും.
നവംബർ 27ന് കോണാൾ കൊടുങ്കാറ്റും, നവംബർ 22ന് ബെർട്ട് കൊടുങ്കാറ്റും ബ്രിട്ടനിൽ നാശംവിതച്ച് കടന്നുപോയിരുന്നു. പുതിയ കൊടുങ്കാറ്റ് രൂപമെടുക്കുന്ന സാഹചര്യത്തിൽ റോഡ്, റെയിൽ, എയർ, ഫെറി സർവ്വീസുകൾ ബാധിക്കപ്പെടുമെന്നതിനാൽ യാത്രാ തടസ്സം രൂപമെടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. വീടുകളിലും, ബിസിനസ്സുകളിലും വെള്ളപ്പൊക്കം പ്രതിസന്ധി സൃഷ്ടിക്കാനും സാധ്യതയുണ്ട്.
മേൽക്കൂരയിൽ നിന്നും ശക്തമായ കാറ്റിൽ ടൈലുകൾ പറന്ന് പോകാൻ ഇടയുണ്ട്. മഴയും, വെള്ളപ്പൊക്കവും റോഡിലൂടെ ഡ്രൈവിംഗ് ബുദ്ധിമുട്ടാക്കി മാറ്റിയേക്കാം. ചിലപ്പോൾ റോഡുകൾ അടച്ചിടാനും സാധ്യതയുണ്ടെന്നാണ് സൂചന. ഇതിന് പുറമെ പവർകട്ട്, മൊബൈൽ ഫോൺ കവറേജ് നഷ്ടമാകൽ എന്നിവയും വന്നുചേരാം. തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാല മൂലം പരുക്കേൽക്കാനും, ജീവൻ അപകടത്തിലാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
© Copyright 2024. All Rights Reserved