വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറിലെ പല വ്യവസ്ഥകളും സർക്കാർ താൽപര്യം സംരക്ഷിക്കുന്നതല്ലെന്നു ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷന്‍റെ നിരീക്ഷണം.

കരാറിലെ പല വ്യവസ്ഥകളും ഭാവിയിൽ നിയമതർക്കത്തിന് ഇടവയ്ക്കുമെന്നും വിഴിഞ്ഞം കരാർ സംബന്ധിച്ച സിറ്റിംഗിന്‍റെ രണ്ടാം ദിനം കമ്മീഷൻ നിരീക്ഷിച്ചു. 128 ഏക്കർ ഭൂമിയും നിർമാണത്തിനാവശ്യമായ പണവും മറ്റാനുകൂല്യവും അദാനി ഗ്രൂപ്പിനു സർക്കാർ നൽകുന്നതിനു പുറമെ ഇതേ ഭൂമി പണയപ്പെടുത്തി ബാങ്ക് വായ്പയെടുക്കാമെന്ന വ്യവസ്ഥയും കരാറിലുണ്ട്. ഭൂമിയിൽ 30 ഏക്കർ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കാമെന്നും പറയുന്നു. ഇതു സർക്കാർ താൽപര്യത്തിനു വിരുദ്ധമാണ്. ഭൂമി പണയപ്പെടുത്തി വായ്പയെടുത്തശേഷം കന്പനി തിരിച്ചടച്ചില്ലെങ്കിൽ സർക്കാരിനു ബാധ്യതയാകില്ലേയെന്നു കമ്മീഷൻ ചോദിച്ചു. തങ്ങൾ ഭൂമി പണയപ്പെടുത്തി വായ്പയെടുത്തിട്ടില്ലെന്ന മറുപടിയാണു കന്പനി അധികൃതർ നൽകിയത്. ഇത്തരം കരാറുകൾ സാധാരണ ഇങ്ങനെയായിരിക്കുമെന്നും കന്പനി വിശദീകരിച്ചു.

പദ്ധതിക്ക് ആവശ്യമായ 75 ലക്ഷം ടണ്‍ കരിങ്കല്ലിന്‍റെ ലഭ്യത എവിടെനിന്നാണ് ഉദ്ദേശിക്കുന്നതെന്നു കമ്മീഷൻ ആരാഞ്ഞു. കേരളത്തിൽ ഇത്രയധികം കരിങ്കല്ല് ഉണ്ടോ എന്നു ചോദിച്ച കമ്മീഷൻ രണ്ടു മലകൾ പൂർണമായി തന്നെ ഇതിനു വേണ്ടിവരുമല്ലോയെന്നും ചൂണ്ടിക്കാട്ടി.കരിങ്കല്ലിന്‍റെ ലഭ്യത ഉറപ്പാക്കാൻ കൊല്ലം, തിരുവനന്തപുരം കളക്ടർമാർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും തമിഴ്നാട്ടിൽനിന്നും എത്തിക്കുമെന്നും ഇതിനു സർക്കാർ സഹായമുണ്ടാകുമെന്നും നിയമസഭയിലെ മറുപടി ഉദ്ധരിച്ചു കന്പനി പറഞ്ഞു. കരിങ്കല്ലിന്‍റെ ലഭ്യതയ്ക്കുള്ള എല്ലാ അനുമതിയും സർക്കാരിന്‍റെ പക്കലല്ലെന്നു കമ്മീഷൻ ഓർമിപ്പിച്ചു.

വിവിധ ഉപകരണങ്ങൾക്കായി 634 കോടി ചെലവഴിക്കേണ്ടി വരുമെന്നായിരുന്നു 2013ൽ കന്പനി അറിയിച്ചിരുന്നത്. 2015 ആയപ്പോൾ ഇതെങ്ങനെ 934 കോടി രൂപയായെന്നു കമ്മീഷൻ ചോദിച്ചു. ആദ്യം നൽകിയ കണക്കിൽ പിഴവുണ്ടായിരുന്നുവെന്നും രണ്ടാമത്തേതാണു കൃത്യമെന്നും കന്പനി അധികൃതർ മറുപടി നൽകി. ക്രെയിനുകൾക്ക് 75 കോടി രൂപ വിലനിശ്ചയിച്ചതിന്‍റെ അടിസ്ഥാനമെന്താണെന്നും മുംബൈയിൽ ഉൾപ്പെടെ 15 കോടിക്ക് ഇതു ലഭ്യമാണല്ലോ എന്ന ചോദ്യവും കമ്മീഷനിൽനിന്നുണ്ടായി. തങ്ങൾ വാങ്ങുന്നതു കൂടുതൽ ആധുനികരീതിയിലുള്ളതാണെന്നും അതിന് ഇത്രയും തുക വേണ്ടി വരുമെന്നുമായിരുന്നു അദാനി ഗ്രൂപ്പ് വക്താക്കളുടെ മറുപടി.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *