വികസിത രാജ്യമെന്ന് മേനിനടിക്കുമ്പോഴും മൂന്നാം ലോക രാജ്യങ്ങളെ വെല്ലുന്ന വിധം യുകെയില്‍ ഭവന രഹിതരുടെ എണ്ണം കുതിച്ചുയരുന്നു.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് കാണാന്‍ 700 മില്യണ്‍ പൗണ്ടിന്റെ ഈസ്റ്റ് ലണ്ടനിലെ ഒളിംപിക് സ്റ്റേഡിയത്തിനു മുന്നിലെത്തിയാല്‍ മതി. സമീപത്തെ മാളുകള്‍ക്കും ഷോപ്പുകള്‍ക്കും മുന്നില്‍ പട്ടിണിയും പരിവട്ടവുമായി തലചായ്ക്കാന്‍ ഇടം തേടി അലയുന്നവരെ കാണാം. 2012 ലെ ലണ്ടന്‍ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ നിന്നും വാരകള്‍ അകലെയാണ് ഇത്.കോടികളുടെ കച്ചവടം നടക്കുന്ന ബ്രാന്‍ഡ് സ്‌റ്റോറുകളും, നിശാ ബാറുകളും പ്രവര്‍ത്തിക്കുന്ന ഇവിടെ ഈ ഷോപ്പുകള്‍ അടയ്ക്കാന്‍ കാത്തിരിക്കുന്നവരുണ്ട്. ചാരിറ്റി വോളണ്ടിയര്‍മാര്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഭക്ഷണം കഴിഞ്ഞു രാത്രി കടകള്‍ക്കു മുന്നില്‍ തലചായ്ക്കുന്നവരാണ് അധികവും.തദ്ദേശീയരും യൂറോപ്യന്‍മാരുംമാത്രമല്ല ഇന്ത്യക്കാരും പാകിസ്ഥാന്‍, ആഫ്രിക്ക, റൊമാനിയന്‍, അല്‍ബേനിയന്‍ വംശജരും സ്ട്രാറ്റ്‌ഫോര്‍ഡ് സെന്ററില്‍ വംശീയ വേര്‍തിരിവില്ലാതെ തലചായ്ക്കുന്നു. ഇവരൊന്നും അനധികൃതമായി എത്തിയവരല്ലെന്ന് സ്ട്രാറ്റ്‌ഫോര്‍ഡ് ഭരിക്കുന്ന ന്യൂഹാം കൗണ്‍സില്‍ വ്യക്തമാക്കുന്നു. വീടില്ലാത്തവരാണ്. പ്രശ്‌നക്കാരുമല്ല. അന്തിയുറങ്ങാന്‍ മാത്രമാണ് ഇവരെത്തുക. സ്ട്രാറ്റ്‌ഫോര്‍ഡ് സെന്ററിലെ ശീതീകരിച്ച മുറികളില്‍ ഒരു വിഭാഗം സസുഖം വിശപ്പടക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ വാതിലിനപ്പുറം ഒരു നേരത്തെ ഭക്ഷണത്തിനും അന്തിയുറക്കത്തിനും വേണ്ടി കാത്തിരിക്കുകയാണ്. ഇരുന്നും കിടന്നും നേരം വെളുപ്പിക്കുന്നവര്‍.24000 പൗണ്ട് ശരാശരി വരുമാനം ഉള്ളവര്‍ക്ക് പോലും വീട് സ്വപ്നമായി അവശേഷിക്കുകയാണ്. ഒളിമ്പികിസിന്റെ വരവോടെ വീടുവില ഇവിടെ നാല് ലക്ഷം പൗണ്ട് ആയി കുതിച്ചു. തെരുവിലിറങ്ങുന്നവരുടെ എണ്ണവും കൂടി.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *