യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി പല കാര്യങ്ങളിലും അഭിപ്രായഭിന്നത പുലർത്തിയ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസന്‍റെ കസേര തെറിച്ചു.

സിഐഎ മേധാവി മൈക്ക് പോംപിയോയാണു പുതിയ സ്റ്റേറ്റ് സെക്രട്ടറി. ഡെപ്യട്ടി ഡയറക്ടറായ ജീനാ ഹാസ്പലിനെ സിഐഎയുടെ മേധാവിയായി നിയമിച്ചു. സിഐഎയുടെ തലപ്പത്ത് ഒരു വനിത നിയമിക്കപ്പെടുന്നത് ആദ്യമാണ്. ട്രംപ്-കിം കൂടിക്കാഴ്ച, വാണിജ്യ ചർച്ച എന്നിവയ്ക്കു മുന്പായി പുതിയ ടീമിനെ അണിനിരത്താൻ ട്രംപ് ആഗ്രഹിക്കുന്നതായി വൈറ്റ് ഹൗസിലെ ഒരുദ്യോഗസ്ഥൻ പറഞ്ഞു. പ്രസിഡന്‍റ് ട്രംപുമായി പല കാര്യങ്ങളിലും അഭിപ്രായ ഭിന്നത പുലർത്തിയിരുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസന്‍റെ ഡിസ്മിസൽ ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. പതിന്നാലു മാസം മുന്പ് വൈറ്റ്ഹൗസിൽ എത്തിയതു മുതൽ അദ്ദേഹത്തിന്‍റെ പല പ്രസ്താവനകളും ട്രംപിനെ ചൊടിപ്പിക്കുന്നതായിരുന്നു. ഒരു ഘട്ടത്തിൽ ട്രംപ് മന്ദബുദ്ധിയാണെന്നു വരെ ടില്ലേർസൺ ആക്ഷേപിക്കുകയുണ്ടായി. എന്നാലും 2018 അവസാനം വരെ ഉദ്യോഗത്തിൽ തുടരാമെന്നു കരുതുന്നതായി ടില്ലേർസൺ അടുത്തയിടെ പറഞ്ഞിരുന്നു.ആഫ്രിക്കൻ പര്യടനത്തിനു പോയ ടില്ലേർസനോടു രാജിവയ്ക്കാൻ വെള്ളിയാഴ്ച ട്രംപ് ആവശ്യപ്പെട്ടിരുന്നതായി വൈറ്റ് ഹൗസുമായി അടുപ്പുമുള്ള കേന്ദ്രങ്ങൾ സൂചിപ്പിച്ചു. ഇതേത്തുടർന്ന് അദ്ദേഹം പര്യടനം വെട്ടിച്ചുരുക്കി യുഎസിൽ മടങ്ങിയെത്തി. എന്നാൽ ട്രംപുമായി സംസാരിച്ചില്ല. ഇന്നലെ ട്വിറ്ററിലൂടെയാണ് ടില്ലേർസനെ പുറത്താക്കി പോംപിയോയെ നിയമിക്കുന്ന കാര്യം ട്രംപ് അറിയിച്ചത്.

ഇറാൻ കാര്യത്തിൽ താനും ടില്ലേർസനും തമ്മിൽ ഭിന്നതയുണ്ടായിരുന്നുവെന്നു ട്രംപ് തന്നെ റിപ്പോർട്ടർമാരോടു പറഞ്ഞു. ഇറാനുമായുള്ള ആണവക്കരാർ നന്നായില്ലെന്നാണു തന്‍റെ അഭിപ്രായമെന്നു ട്രംപ് അറിയിച്ചു. എന്നാൽ ടില്ലേർസന്‍റെ അഭിപ്രായം മറിച്ചായിരുന്നു. ഉത്തരകൊറിയൻ ഏകാധിപതി കിമ്മുമായി ചർച്ചയ്ക്കുള്ള തീരുമാനത്തെക്കുറിച്ചു ട്രംപ് ടില്ലേർസനുമായി ആലോചിച്ചില്ല. പുതുതായി നിയമിക്കപ്പെട്ട സ്റ്റേറ്റ് സെക്രട്ടറി പോംപിയോ മഹത്തായ പ്രവർത്തനം കാഴ്ചവയ്ക്കുമെന്നു ട്രംപ് അറിയിച്ചു.മുൻ സൈനിക ഓഫീസറായ പോംപിയോ ജനപ്രതിനിധി സഭയിൽ റിപ്പബ്ളിക്കൻ പാർട്ടിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഹാർവാർഡിൽ നിന്നു മികച്ച രീതിയിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം ട്രംപിന്‍റെ വിശ്വസ്തനുമാണ്. ഭരണപരിചയമില്ലാത്ത മുൻ ബിസിനസുകാരനായ ടില്ലേർസനെ അപേക്ഷിച്ച് ഏറെ മേന്മകളുള്ള പോംപിയോയ്ക്ക് നയതന്ത്രകാര്യങ്ങളിൽ കൂടുതൽ പരിജ്ഞാനമുണ്ട്. പോംപിയോയ്ക്കു പകരം സിഐഎ മേധാവിയായി നിയമിക്കപ്പെട്ട ജീനാ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ്. 30 വർഷത്തെ സേവന പാരന്പര്യമുള്ള അവർ കടുത്ത നിലപാടുകളുള്ള ഇന്‍റലിജൻസ് ഓഫീസറാണ്.

Please follow and like us: