ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒന്പതു സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു.

സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന മൈൻ പ്രതിരോധവാഹനം (എംപിവി) മാവോയിസ്റ്റുകൾ ബോംബ് വച്ചു തകർക്കുകയായിരുന്നു. റായ്പുരിൽനിന്ന് 500 കിലോമീറ്റർ അകലെ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ നിർമാണത്തിലിരുന്ന കിസ്താരം- പലോഡി റോഡിലാണു സിആർപിഎഫ് 212 ബറ്റാലിയൻ അംഗങ്ങൾക്കു നേരേ ആക്രമണമുണ്ടായത്. ജവാന്മാർ സഞ്ചരിച്ചിരുന്ന വഴിയിൽ അന്പതു കിലോയോളം ബോംബ് സ്ഥാപിച്ചാണു മാവോയിസ്റ്റുകൾ സ്ഫോടനം നടത്തിയത്. നിർമാണപ്രവർത്തനം നടക്കുന്നതിനാൽ റോഡ് മുഴുവൻ ചെളിയായിരുന്നു. രണ്ടു പേർക്കു ഗുരുതര പരിക്കേറ്റതായി സിആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവരെ വിമാനമാർഗം റായ്‌പുരിൽ എത്തിച്ചു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നടുക്കം രേഖപ്പെടുത്തി. അപകടസ്ഥലത്തേക്കു തിരിക്കാൻ സിആർപിഎഫ് ഡയറക്ടർ ജനറൽ ആർ.ആർ. ഭട്നാഗർക്കു മന്ത്രി നിർദേശം നൽകി.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺസിംഗിൽനിന്ന് ആഭ്യന്തരമന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. സ്ഫോടനത്തെത്തുടർന്ന് മൈൻ പ്രതിരോധവാഹനം പത്തടി ഉയർന്നശേഷമാണു ഛിന്നഭിന്നമായത്. പലോഡിയിൽ പുതുതായി ആരംഭിച്ച പോസ്റ്റിലേക്കു കിസ്താരത്തുനിന്ന് എംപിവിയിൽ സഞ്ചരിച്ചിരുന്ന സൈനികരാണ് അപകടത്തിൽപ്പെട്ടത്. എഎസ്ഐ ആർ.കെ.എസ്. തോമർ, ഹെഡ് കോൺസ്റ്റബിൾ ലക്ഷ്മൺ, കോൺസ്റ്റബിൾമാരായ അജയ് കെ. യാദവ്, മനോരഞ്ജൻ ലങ്ക, ജിതേന്ദ്ര സിംഗ്, ഷോബിത് ശർമ, മനോജ് സിംഗ്, ധർമേന്ദ്ര സിംഗ്, എച്ച്.എസ്. ചന്ദ്ര എന്നിവരാണു വീരമൃത്യു വരിച്ചത്. മദനൻകുമാർ, രാജേഷ്കുമാർ എന്നിവർക്കു ഗുരുതരമായി പരിക്കേറ്റു. രാവിലെ എട്ടിന് ഈ പ്രദേശത്തുവച്ച് കോബ്രാ സംഘത്തിനു നേരേ മാവോയിസ്റ്റ് ആക്രമണമുണ്ടായെങ്കിലും സിആർപിഎഫ് ഫലപ്രദമായി തിരിച്ചടിച്ചിരുന്നു.

മോട്ടോർ സൈക്കിളിലും രണ്ട് എംപിവിയിലുമായി ഉച്ചയോടെയാണു സിആർപിഎഫ് സംഘം കിസ്താരം- പലോഡി റോഡിലെത്തിയതെന്നും രണ്ടാമത്തെ എംപിവിയാണു സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചതെന്നും സിആർപിഎഫ് മേധാവി ആർ.ആർ. ഭട്നാകർ ഡൽഹിയിൽ പറഞ്ഞു. സിആർപിഎഫ് സംഘം വരുന്ന വഴിയിൽ സ്ഫോടകവസ്തു സ്ഥാപിച്ച്, വയറുകളുടെ സഹായത്തോടെ ദൂരെനിന്നാണ് സ്ഫോടനം നടത്തിയിരിക്കുന്നത്. മാവോയിസ്റ്റ് കമാൻഡർ ഹിദ്മയുടെ നേതൃത്വത്തിലുള്ള പീപ്പിൾ ലിബറേഷൻ ഗറില സംഘമാണ് അക്രമണത്തിനു പിന്നിലെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ സൈനികരെ സംഭവസ്ഥലത്തു വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ സേനയുടെ വാഹനങ്ങൾക്കു നേരേ മാവോയിസ്റ്റുകൾ ബോംബാക്രമണം നടത്തുന്നതു പതിവായിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞവർഷം മാർച്ച് 11 ന് ഇവിടെത്തന്നെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 12 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.

കഴിഞ്ഞവർഷം ഏപ്രിൽ 24നു സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രണത്തിൽ 25 സൈനികരാണു മരിച്ചത്. ഇടതുതീവ്രവാദത്തെ നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി. ദേശീയ സുരക്ഷാനയത്തിലെ ലക്ഷ്യമില്ലായ്മയാണു രാജ്യത്തിനകത്തും അതിർത്തിയിലും കൂടെക്കൂടെയുണ്ടാകുന്ന അസ്വസ്ഥതകൾക്കുകാരണമെന്നു കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല പറഞ്ഞു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *