ബ്രിട്ടന്‍ ബ്രക്സ്റ്റിലേയ്ക്ക് അടുക്കുകയും പ്രാദേശിക തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുകയും ചെയ്യവേ ഭാവി പ്രധാനമന്ത്രിയായി കരുതപ്പെട്ടിരുന്ന ഹോം സെക്രട്ടറി ആംബര്‍ റൂഡ് രാജിവെച്ചു.

അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിന്റെ ടാര്‍ജറ്റ് സംബന്ധിച്ച വിഷയത്തിലാണ് റൂഡ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്നും പുറത്താക്കാനുള്ള ലക്ഷ്യങ്ങളെക്കുറിച്ച് എംപിമാരെ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണം ആണ് റൂഡിനെതിരെ ഉയര്‍ന്നത്. ‘ലക്ഷ്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് ഞാന്‍ മനസ്സിലാക്കേണ്ടതായിരുന്നു. ഇത് അറിയാതെ ഹോം അഫയേഴ്‌സ് സെലക്ട് കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചു- ആംബര്‍ റൂഡ് വിശദീകരിച്ചു.പ്രധാനമന്ത്രിയുടെ പിന്തുണ ഉണ്ടായിട്ടും പാര്‍ലമെന്റിലെ വിമര്‍ശനം ഭയന്നാണ് രാജി. റൂഡിന്റെ രാജി ദുഃഖകരമാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. എംപിമാര്‍ക്ക് അവര്‍ നല്‍കിയ മറുപടികള്‍ സദുദ്ദേശ്യത്തോടെയായിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. ഫോണിലൂടെയാണ് തന്റെ രാജി തീരുമാനം ആംബര്‍ റൂഡ് പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. തെരേസ മേയ്ക്ക് ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഉയര്‍ന്നു വരുന്ന നേതാവായാണ് റൂഡിനെ കണക്കാക്കിയിരുന്നത്. ജനപ്രീതി നേടാനും ഇവര്‍ക്കായി. ഡേവിഡ് കാമറൂണിന്റെ കീഴിലാണ് റൂഡിനു പ്രത്യേക പരിഗണനയും സ്ഥാനക്കയറ്റവും ലഭിക്കുന്നത്. ട്രഷറി വകുപ്പിലും പിന്നീട് 2015ലെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം എനര്‍ജി ആന്‍ഡ് ക്ലൈമറ്റ് സെക്രട്ടറിയായും ഇവര്‍ ശോഭിച്ചു. ബ്രക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം തെരേസ മേ അധികാരത്തിലെത്തിയതോടെ ഹോം സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു. 2017ലെ ഭീകരാക്രമണങ്ങള്‍ നന്നായി കൈകാര്യം ചെയ്യുന്നതിലും ഇവര്‍ വിജയിച്ചിരുന്നു.ആംബര്‍ റൂഡിന്റെ രാജി തെരേസ മേയ്ക്ക് കനത്ത തിരിച്ചടിയാണ്. തെരേസ മേയ്ക്ക് വേണ്ടിയാണ് റൂഡ് സ്ഥാനമൊഴിഞ്ഞതെന്ന് ലേബര്‍ ഡെപ്യൂട്ടി നേതാവ് ടോം വാട്‌സണ്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ 10 മാസക്കാലത്തിനിടെ തെരേസ മേ സര്‍ക്കാരില്‍ നിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് റൂഡ്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *