ശാസ്ത്രഗവേഷണങ്ങള്‍ക്കും പുതിയ കണ്ടെത്തലുകള്‍ക്കുമായി ഒരു മില്യണ്‍ പേര്‍ തങ്ങളുടെ ഡിഎന്‍എ, പത്ത് വര്‍ഷത്തെ ആരോഗ്യ ശീലങ്ങള്‍ തുടങ്ങിയവ പങ്ക് വയ്ക്കാന്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട് യുഎസ് രംഗത്തെത്തി.

യുഎസ് ഗവണ്‍മെന്റ് ഞായറാഴ്ച ദേശീയവ്യാപകമായി ഇതിനായുള്ള ഒരു എന്‍ റോള്‍മെന്റ് തുടങ്ങിയിരുന്നു. ജെനറ്റിക്‌സ്, ജീവിതശൈലികള്‍, പരിസ്ഥിതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് താരതമ്യപഠനം നടത്തുന്നതിനായി പര്യാപ്തമായ ഡാറ്റാബേസ് ലഭിക്കുകയാണെങ്കില്‍ പാരമ്പര്യരോഗങ്ങളെ പറ്റിയും ജനിതകപരമായ രോഗങ്ങളെ പറ്റിയും വിപ്ലവകരമായ പഠനങ്ങള്‍ നടത്താനാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്.ചിലര്‍ അത്തരം രോഗങ്ങളില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ മറ്റ് ചിലര്‍ അവയ്ക്ക് അടിപ്പെടുന്നതെന്ത് കൊണ്ടാണെന്ന് ഇതിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഇതിലൂടെ പുതിയ മരുന്നുകളും ചികിത്സാ വിധികളും കണ്ടെത്താന്‍ സാധിക്കുമെന്നും അമേരിക്കന്‍ ഗവേഷകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. മെഡിക്കല്‍ കെയറിനെ തന്നെ മാറ്റി മറിയ്ക്കാന്‍ പോകുന്ന നാഷണല്‍ അഡ്വന്‍ജറാണിതെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഡയറക്ടറായ ഡോ. ഫ്രാന്‍സിസ് കോളിന്‍സ് പറയുന്നത്.ഈ പ്രൊജക്ടിനായി കോണ്‍ഗ്രസ് പത്ത് വര്‍ഷത്തേക്ക് 1.45 ബില്യണ്‍ ഡോളറാണ് വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ ഡിഎന്‍എയും ആരോഗ്യശീലങ്ങളും പങ്ക് വയ്ക്കാന്‍ രാജ്യവ്യാപകമായി പര്യാപ്തമായ അളവില്‍ ആളുകള്‍ സന്നദ്ധമാകുന്നതിനനുസരിച്ച് മാത്രമേ ഈ പ്രൊജക്ട് ലക്ഷ്യത്തിലെത്തുകയുള്ളുവെന്ന് ഗവേഷകര്‍ പ്രത്യേകം ഓര്‍മിപ്പിക്കുന്നു. ഇതിനായി താല്‍പര്യം പ്രകടിപ്പിച്ച് കഴിഞ്ഞ വര്‍ഷം 25,000ത്തില്‍ അധികം പേര്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Leave a comment

Send a Comment

Your email address will not be published.