അതിശക്തമായ മഴയും, കാറ്റും അതിജീവിച്ച് പുതുവർഷം ആഘോഷമാക്കി ബ്രിട്ടൻ. 2024-ന് വർണ്ണാഭമായ തുടക്കം കുറിച്ച് കൊണ്ട് തെയിംസ് നദിക്കരയിലേക്ക് ജനം ഒഴുകിയെത്തി. ബിഗ് ബെന്നിൽ അർദ്ധരാത്രി എത്തിച്ചേർന്നതായി സൂചിപ്പിച്ച് മണിമുഴങ്ങിയതോടെ ലണ്ടനിൽ പരമ്പരാഗത വെടിക്കെട്ട് ആരംഭിച്ചു.
15 മിനിറ്റോളം നീണ്ട വെടികെട്ട് വീക്ഷിക്കാനായി 1 ലക്ഷത്തോളം പേരാണ് എത്തിച്ചേർന്നത്. വെടിക്കെട്ടിന് പുറമെ ലേസർ, ഡ്രോൺ ഷോകളും മേയർ സീദിഖ് ഖാന്റെ നേതൃത്വത്തിൽ നടന്നു. ഇക്കുറി തലസ്ഥാനത്ത് നടന്നത് ഏറ്റവും മികച്ചതും, വലുതുമായ ന്യൂഇയർ ആഘോഷമാണെന്ന് ഖാൻ അവകാശപ്പെട്ടു.
എഡിൻബർഗിൽ വാർഷിക ഹോഗ്മനായ് ആഘോഷങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ടും അരങ്ങേറി. എഡിൻബർഗ് കാസിലിന് മുകളിലാണ് വെടിക്കെട്ട് നടത്തിയത്. കാലാവസ്ഥ മോശമായിരുന്നെങ്കിലും ആഘോഷത്തിന്റെ ആവേശം കെടാതെ കാത്തുസൂക്ഷിക്കാൻ പാർട്ടികൾക്ക് ഇറങ്ങിയവർ ശ്രദ്ധിച്ചു.
ലിവർപൂളിലും, ലീഡ്‌സിലും, ന്യൂകാസിലിലും 2024-നെ ആഘോഷപൂർവ്വം തന്നെ വരവേറ്റു. ടിക്കറ്റ് ലഭിച്ചവർക്കാണ് തെയിംസിന് അരികിൽ നിന്ന് വെടിക്കെട്ട് ഏറ്റവും അടുത്ത് ആസ്വദിക്കാൻ സാധിച്ചത്.
© Copyright 2025. All Rights Reserved