ലീഗിലെ 37-ാം മത്സരത്തിൽ ബ്രിങ്ടണ് ആൻഡ് ഹോവ് അൽബിയോണിനെ 3-1നു പരാജയപ്പെടുത്തിയ സിറ്റി ലീഗിൽ ഏറ്റവും അധികം പോയിന്റ് നേടുന്ന ടീമെന്ന നേട്ടത്തിലെത്തി, ഒപ്പം ഒരു സീസണിൽ ഏറ്റവും അധികം ഗോളടിക്കുന്ന ക്ലബ് എന്ന ഖ്യാതിയും സ്വന്തമാക്കി. അടുത്ത മത്സരവും ജയിച്ച് 100 പോയിന്റ് തികയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള മത്സരശേഷം പറഞ്ഞു. യയ ടുറെയുടെ അവസാന മത്സരമായിരുന്നു. ടുറെയ്ക്ക് മികച്ച യാത്രയയപ്പ് ആയി സിറ്റിയുടെ ഹാട്രിക്ക് റിക്കാർഡ് നേട്ടം. ഡാനിയേലോ (16-ാം മിനിറ്റ്), ബെർണാഡോ സിൽവ (34-ാം മിനിറ്റ്), ഫെർണാണ്ടീഞ്ഞോ (72-ാം മിനിറ്റ്) എന്നിവരാണ് സിറ്റിക്കായി ഗോൾ നേടിയത്. ലിയോനാർഡോ ഉല്ലൊയുടെ (20-ാം മിനിറ്റ്) വകയായിരുന്നു ബ്രിങ്ടണിന്റെ ഗോൾ. 2004-05 സീസണിൽ ഹൊസെ മൗറീഞ്ഞോയുടെ ശിക്ഷണത്തിൽ ചെൽസി 95 പോയിന്റ് നേടിയതായിരുന്നു പ്രീമിയർ ലീഗിൽ ഇതുവരെയുള്ള റിക്കാർഡ്. ബ്രിങ്ടണിനെതിരായ ജയത്തോടെ സിറ്റി 97 പോയിന്റ് സ്വന്തമാക്കിക്കഴിഞ്ഞു. ഞായറാഴ്ച സതാംപ്ടണിനെതിരേയാണ് സിറ്റിയുടെ അടുത്ത മത്സരം. 1978-79ലെ ഫസ്റ്റ് ഡിവിഷൻ സീസണിൽ ലിവർപൂൾ 30 ജയവും എട്ട് സമനിലയും നേടിയത് ഇപ്പോഴത്തെ കണക്കിൽനോക്കിയാൽ 98 പോയിന്റ് വരും. അന്ന് പക്ഷേ, ഒരു ജയത്തിന് രണ്ട് പോയിന്റാണ് ഉണ്ടായിരുന്നത്. ഒരു സീസണിൽ ഏറ്റവും അധികം ഗോളെന്ന റിക്കാർഡും ചെൽസിയിൽനിന്ന് സിറ്റി സ്വന്തമാക്കിയത്. കാർലോസ് ആൻസിലോട്ടിയുടെ കീഴിൽ 2009-10 സീസണിൽ ചെൽസി നേടിയ 104 ഗോൾ എന്ന റിക്കാർഡ് ഒരു മത്സരം ശേഷിക്കേ സിറ്റി 105 ആക്കി. ഒരു സീസണിൽ ഏറ്റവും അധികം ജയമെന്ന റിക്കാർഡിലും സിറ്റി ചെൽസിയെ മറികടന്നു. ചെൽസിയുടെ പേരിലുണ്ടായിരുന്ന 30 ജയമെന്ന റിക്കാർഡ് സിറ്റി ബ്രിങ്ടണിനെതിരായ ജയത്തോടെ 31 ആക്കി. 1960-61 സീസണിൽ (ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷൻ ചാന്പ്യൻഷിപ്പ്) ടോട്ടനം കുറിച്ച എക്കാലത്തെയും റിക്കാർഡ് ആയ 31 ജയത്തിനൊപ്പമാണ് സിറ്റി ഇപ്പോൾ. അന്ന് ഫസ്റ്റ് ഡിവിഷനിൽ 22 ടീമുകളും 42 മത്സരങ്ങളുമാണുണ്ടായിരുന്നത്. 1992 മുതലാണ് 20 ടീമുകളും 38 മത്സരങ്ങളുമുള്ള പ്രീമിയർ ലീഗ് ആരംഭിച്ചത്.
© Copyright 2024. All Rights Reserved