കഴിഞ്ഞ ദിവസം രാത്രിയാണ് ഡൽഹിയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നായ അക്ബർ റോഡിന്റെ പേര് മാറ്റിയത്. മഹാറാണാ പ്രതാപ് റോഡ് എന്ന പോസ്റ്ററാണ് അക്ബർ റോഡ് എന്നെഴുതിയിരിക്കുന്നതിന് മേൽ പതിച്ചത്. ഒന്നിലധികം സ്ഥലങ്ങളിൽ അക്ബർ റോഡ് എന്നെഴുതിയിരിക്കുന്നതിന് പുറമേ ഈ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വർഷം സെൻട്രൽ ഡൽഹിയിൽ അക്ബർ റോഡിന്റെ പേര് മാറ്റി മഹാറാണാ പ്രതാപ് മാർഗ് എന്ന പോസ്റ്റർ പതിച്ചതിന്റെ ഉത്തരവാദിത്തം സംഘപരിവാർ സംഘടനയായ ഹിന്ദുസേന ഏറ്റെടുത്തിരുന്നു.ഇന്ത്യാഗേറ്റിലെത്തുന്ന അക്ബർ റോഡിന്റെ പരിസരങ്ങളിലാണ് രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ കുര്യൻ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പടെ വിവിധ കേന്ദ്ര മന്ത്രിമാരും ബിജെപി അധ്യക്ഷൻ അമിത്ഷായും താമസിക്കുന്നത്. കോണ്ഗ്രസിന്റെ ആസ്ഥാനമായ എഐസിസി ഓഫീസ് 24 അക്ബർ റോഡിലാണ്. സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നാണ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതർ പറഞ്ഞത്. മഹാറാണ പ്രതാപിന്റെ ജൻമദിനം ആചരിക്കുന്ന ഇന്നലെയാണ് അക്ബർ റോഡിന്റെ പേര് മാറ്റിയതെന്നതും ശ്രദ്ധേയമാണ്. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവർ മഹാറാണാ പ്രതാപിന്റെ പേരിനാണ് കളങ്കം വരുത്തിയിരിക്കുന്നതെന്ന് കോണ്ഗ്രസ് ട്വീറ്റ് ചെയ്തു. അക്ബർ റോഡിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുൻപ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ സിംഗ് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് കത്തയച്ചിരുന്നു. എന്നാൽ, മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല.
© Copyright 2024. All Rights Reserved