ഗോൾകീപ്പർമാരിലെ മാറഡോണയെന്നാണ് സഹതാരങ്ങൾ ബഫണെ വിശേഷിപ്പിക്കുന്നത്. നീണ്ട പതിനേഴു വർഷം യുവെയ്ക്കൊപ്പം കളിച്ച ബഫണ് ഇന്നലെയാണ് ക്ലബ് വിടുന്ന കാര്യം അറിയിച്ചത്. ശനിയാഴ്ച നടക്കുന്ന ഇറ്റാലിയൻ ലീഗ് മത്സരം യുവെയ്ക്കൊപ്പമുള്ള തന്റെ അവസാന മത്സരമായിരിക്കുമെന്ന് നാല്പതുകാരനായ ബഫണ് പറഞ്ഞു.തുടർച്ചയായ ഏഴാം തവണ ഇറ്റാലിയൻ ലീഗ് കിരീടം ഉറപ്പാക്കിയ യുവന്റസിന്റെ അവസാന മത്സരം നാളെ വെറോണയ്ക്കെതിരേയാണ്. പാർമയുടെ മുൻ ഗോൾ കീപ്പറായ ബഫണിന്റെ 640-ാം സീരി എ മത്സരമാണത്. സീരി എയിൽ ഏറ്റവുമധികം മത്സരം കളിച്ചതിൽ രണ്ടാം സ്ഥാനത്താണ്. 647 മത്സരം കളിച്ച മാൽഡീനി മാത്രമാണ് ബഫണിനു മുന്നിലുള്ളത്. റഷ്യൻ ലോകകപ്പിലേക്ക് 27 ദിനങ്ങൾ മാത്രം ശേഷിക്കേയാണ് ഇറ്റലിയുടെ ഇതിഹാസ ഗോൾകീപ്പറായ ബഫണ് ക്ലബ് ജീവിതം അവസാനിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഫുട്ബോളിനോട് വിടപറയുന്നില്ലെന്നും ഭാവിപരിപാടികൾ പിന്നീട് അറിയിക്കാമെന്നുമാണ് വേറൊരു ക്ലബ്ബിലേക്കു ചേക്കേറുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ബഫണ് നല്കിയ മറുപടി. 60 വർഷത്തിനിടയ്ക്ക് ഇറ്റലിയില്ലാത്ത ലോകകപ്പ് ഫുട്ബോളാണ് റഷ്യയിൽ അരങ്ങേറുക. 1958നുശേഷം ആദ്യമായാണ് ഇറ്റലി ലോകകപ്പ് യോഗ്യത നേടാതിരുന്നത്. ഇറ്റലിക്ക് ലോകകപ്പ് യോഗ്യത ലഭിക്കാതിരുന്നതിനു പിന്നാലെ ബഫണ് രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ജൂണ് നാലിന് ഹോളണ്ടിനെതിരായ സൗഹൃദ മത്സരത്തോടെ ബഫണ് രാജ്യാന്തര വേദിയിൽനിന്ന് വിടപറയും. ഇറ്റലിക്കായി ഏറ്റവും അധികം രാജ്യാന്തര മത്സരം കളിച്ച റിക്കാർഡ് ഇദ്ദേഹത്തിനു സ്വന്തം. 176 മത്സരങ്ങളിൽ ഇറ്റലിക്കായി ഗോൾവല കാത്തു. അഞ്ച് ലോകകപ്പിൽ കളിച്ച താരമെന്ന റിക്കാർഡും ഈ ആറടി മൂന്നിഞ്ചുകാരനു സ്വന്തം. 1998, 2002, 2006, 2010, 2014 ലോകകപ്പുകളിൽ ഇറ്റാലിയൻ സംഘത്തിനൊപ്പം ബഫണ് ഉണ്ടായിരുന്നു. സീരി എയിൽ തുടർച്ചയായി 974 മിനിറ്റ് ഗോൾ വഴങ്ങാതെ നിന്ന് ഏറ്റവും അധികം സമയം വലകുലുക്കാതെ കാത്തതിന്റെ റിക്കാർഡ് ബഫണിനാണ്. 655 മത്സരങ്ങളിൽ 300 എണ്ണത്തിൽ ഗോൾ വഴങ്ങാതെ നിന്നും റിക്കാർഡിട്ടു. 1995ൽ പതിനേഴാമത്തെ വയസിൽ പാർമയ്ക്കായാണ് ബഫണ് ക്ലബ് അരങ്ങേറ്റം നടത്തിയത്. 2001ൽ അക്കാലത്തെ ഗോൾകീപ്പർമാരിൽ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയ്ക്ക് പാർമയിൽനിന്ന് യുവന്റസിലെത്തി. ഇത്തവണത്തെ ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റഫറിയോട് കയർത്തതിനു ചുവപ്പുകാർഡ് കണ്ട് പുറത്തുപോകേണ്ടിവന്നു. കരിയറിൽ യുവേഫ ചാന്പ്യൻസ് ലീഗ് നേടാൻ സാധിച്ചിട്ടില്ല.
© Copyright 2024. All Rights Reserved