കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാറിനെ ബംഗാളിൽ അദ്ദേഹത്തിന്റെ മണ്ഡലമായ ബാങ്കുരയിൽ ബിജെപി പ്രവർത്തകർ പൂട്ടിയിട്ടു. മന്ത്രിയുടെ ഏകാധിപത്യം പാർട്ടിയെ തകർക്കുകയാണെന്ന് ആരോപിച്ചാണു ബിജെപിയിലെ ഒരു വിഭാഗം പാർട്ടി ജില്ലാ ഓഫിസിൽ അദ്ദേഹത്തെ പൂട്ടിയിട്ടത്. പാർട്ടി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
സുഭാഷ് സർക്കാറിനെ പിന്തുണയ്ക്കുന്ന ബിജെപി അംഗങ്ങൾ കൂടി സ്ഥലത്ത് എത്തിയതോടെ ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കമുണ്ടായി. പൊലീസ് എത്തിയാണു മന്ത്രിയെ രക്ഷിച്ചത്. സ്വന്തക്കാരെ പാർട്ടിയുടെ ജില്ലാ നേതൃസ്ഥാനത്ത് എത്തിച്ച സുഭാഷ് സർക്കാറാണു മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പരാജയത്തിന് കാരണമെന്നു വിമതവിഭാഗം ആരോപിച്ചു. വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്നവരെ തഴയുകയാണെന്നും അവർ പറഞ്ഞു. ബിജെപിക്ക് അകത്ത് ഐക്യം എന്നത് മിത്ത് ആണെന്നും പാർട്ടി തകരുകയാണെന്നും തൃണമൂൽ കോൺഗ്രസ് പരിഹസിച്ചു.
© Copyright 2025. All Rights Reserved