സംസ്ഥാനത്തു കോവിഡ് 19 കൂടുതൽ പേരിലേക്ക്. 42പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ രോഗ ബാധിതർ ആയ ദിവസമാണു ഇന്ന്. കണ്ണൂർ-12, കാസർകോട്-7, കോഴിക്കോട്-5, പാലക്കാട്-5,തൃശ്ശൂർ-4, മലപ്പുറം-4, കോട്ടയം-2,കൊല്ലം-1,പത്തനംതിട്ട-1,വയനാട്-1 എന്ന നിരക്കിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് കേരളത്തിൽ ഇത്രയധികം പോസിറ്റീവ് കേസുകൾ ഒരു ദിവസം സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിൽ 21പേർ മഹാരാഷ്ട്രയിൽനിന്നും 17 പേർ വിദേശത്തുനിന്നുള്ളവരും ബാക്കിയുള്ളവർ തമിഴ്നാട്,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നും വന്നവരാണ്.
രണ്ടുപേർ കൂടി രോഗമുക്തി നേടിയെങ്കിലും 732പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 216 പേർ നിലവിൽ ചികിത്സയിലും, 84,258 പേരാണ് നിരീക്ഷണത്തിലും, ,649 പേർ വീടുകളിലോ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും, 609 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 162 പേരെ ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.28 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. തൊഴിലുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവർക്കായി പ്രത്യേക പോർട്ടൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങളിലേക്ക് പോകേണ്ടവർക്ക് ആരോഗ്യ പരിശോധന സർട്ടിഫിക്കറ്റുകൾ ഇതിലൂടെ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
© Copyright 2025. All Rights Reserved