മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പാത്രിയർക്കീസ് ബാവ ഇക്കാര്യം അറിയിച്ചത്.മുഖ്യമന്ത്രിയുടെ ഇടപെടലും അതിന്റെ ഭാഗമായി തനിക്ക് അയച്ച കത്തും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതിവിധികൾ ഉണ്ടെ ങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തിൽ നിന്നാണു വരേണ്ടത്. തർക്കം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷ ഉള്ളതിനാലാണ് ഡമാസ്കസിൽ നിന്ന് താൻ ഇവിടെ വന്നത്. ജനങ്ങൾ ആഗ്രഹിക്കുന്നത് സമാധാനമാണെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ട് സമാധാനത്തിനു സാധ്യമായതെല്ലാം ചെയ്യുമെന്ന് പാത്രിയർക്കീസ് ബാവ മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി. സഭാവിശ്വാസികളിൽ ബഹുഭൂരിഭാഗവും തർക്കങ്ങൾ പരിഹരിച്ചു സമാധാനപരമായി മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്നവരാണെന്നു കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പ്രതികരിച്ചു. ഈ സാഹചര്യത്തിൽ സമാധാന ശ്രമങ്ങൾ പാത്രിയർക്കീസ് ബാവ തുടരണം. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകും. തർക്കങ്ങൾക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും അതിനാൽ ചർച്ചകൾ ഫലം ചെയ്യില്ലെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ അതിനോട് താൻ യോജിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ട്. കാരണം വിശ്വാസികൾക്ക് സമാധാനമാണ് വേണ്ടത്: മുഖ്യമന്ത്രി പറഞ്ഞു.ഡമാസ്കസിൽ നിന്നുള്ള മെത്രാപ്പോലീത്തമാരായ മാർ തിയോഫിലോസ് ജോർജ് സലിബ, മാർ തിമോത്തിയോസ് മത്താ അൽഹോറി, ശ്രേഷ്ഠ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
© Copyright 2023. All Rights Reserved