14 സീസണ് മുന്‍പ് ഈ ഗ്രൗണ്ടില്‍നിന്നാണ് ഞാന്‍ കളിച്ചു തുടങ്ങിയത്. ഇതേവേദിയില്നിന്നുകൊണ്ടുതന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നു- അന്താരാഷ് ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ഡിവില്യേഴ്സ് പറഞ്ഞതാണിത്. അദ്ദേഹം കളിച്ചു തുടങ്ങിയ പ്രിട്ടോറിയയിലെ ടക്സ് ക്രിക്കറ്റ് ക്ലബ്ബാണ് വിരമിക്കല്‍ പ്രഖ്യാപിക്കാനും അദ്ദേഹം തെരഞ്ഞെടുത്തതെന്നത് ശ്രദ്ധേയം.
അപ്രതീക്ഷിതമായിരുന്നു ഏബ്രാഹം ബഞ്ചമിന് ഡിവില്ല്യേഴ്സ് എന്ന് മുഴുവന്‍ പേരുള്ള താരത്തിന്റെ വിരമിക്കല്‍. ക്രിക്കറ്റ് ഗ്രൗണ്ടിലെ ഏതുവശത്തേക്കും എങ്ങനെ നിന്നും ഷോട്ടുകള്‍ ഉതിര്‍ക്കാന്‍ കഴിയുന്നതുകൊണ്ട് മിസ്റ്റര്‍ 360 ഡിഗ്രിയെന്നാണ് ആരാധകര്‍ ഡിവില്യേഴ്സിനെ വിളിക്കുന്നത്. അടിയന്തര സാഹചര്യം എന്നാണ് ഡിവില്യേഴ്സ് വിരമിക്കലിനെ വിശേഷിപ്പിച്ചത്. അതും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ പ്രകടനത്തിനുശേഷം. തുടര്‍ച്ചയായി പിടികൂടുന്ന പരിക്കാണ് താരത്തിന്റെ തിടുക്കത്തിലുള്ള തീരുമാനത്തിനു പിന്നിലെന്നാണു സൂചന. ഐപിഎലില്‍ തന്റെ ടീമായ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായതും അദ്ദേഹത്തെ ഒരുപക്ഷേ, വേദനിപ്പിച്ചിട്ടുണ്ടാകാം.ഐപിഎലില്‍ ഈ സീസൺ ഡിവില്യേഴ്സ് മോശമാക്കിയില്ല. ബാറ്റിംഗിലും ഫീല്‍ഡിംഗിലും ഒരുപിടി നല്ല ഓര്‍മകള്‍ സമ്മാനിച്ചുകൊണ്ടാണ് താരം കളം വിട്ടത്. ഗ്രൗണ്ടില്‍ 360 ഡിഗ്രിയില്‍ ഷോട്ടുകള്‍ ഉതിര്‍ക്കാന്‍ കഴിയുന്ന ബാറ്റ്സ്മാനായിരുന്നു ഡിവില്യേഴ്സ്. ബൗളിംഗില്‍ അധികം പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നിട്ടില്ലെങ്കിലും ഫീല്‍ഡിംഗിലെ സൂപ്പര്മാന് പൊസിഷന്‍ ഇപ്പോഴും ഡിവില്യേഴ്സിന് അവകാശപ്പെട്ടതാണ്. കഴിഞ്ഞ ദിവസം ഐപിഎലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ സൂപ്പര്‍ ക്യാച്ചിലൂടെ അദ്ദേഹം അത് ഒരിക്കല്‍കൂടി തെളിയിക്കുകയും ചെയ്തു. അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് കൂടി നടക്കാനിരിക്കെ ഡിവില്യേഴ്സിന്റെ വിരമിക്കല്‍ പ്രഖ്യാപനം ഒരുപക്ഷേ ആരാധകര്‍ക്കെങ്കിലും തികച്ചും അപ്രതീക്ഷിതമായി. കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കെയാണ് വില്ലിയുടെ വിരമിക്കല്‍. ഐസിസി ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തും ടെസ്റ്റില്‍ ആറാമതുമാണ് ബുധനാഴ്ച ഡിവില്യേഴ്സിന്റെ റാങ്കിംഗ്. 14 വര്‍ഷം മുന്‍പ് ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറിയ ഡിവില്യേഴ്സ് 114 ടെസ്റ്റ് മത്സരങ്ങളിലും 228 ഏകദിനങ്ങളിലും 78 ട്വന്റി 20 മത്സരങ്ങളിലും ദക്ഷിണാഫ്രിക്കന്‍ ജഴ്സിയണിഞ്ഞു. ആകെ 20,014 റണ്‍സാണ് അന്താരാഷ് ട്ര ക്രിക്കറ്റില്‍നിന്നു നേടിയത്.ടെസ്റ്റില്‍ 50.66 റണ്‍സ് ശരാശരിയില്‍ 8765 റണ്‍സാണ് ഡിവില്യേഴ്സിന്റെ സന്പാദ്യം. 278 ഉയര്‍ന്ന സ്കോര്‍. രണ്ട് ഇരട്ട സെഞ്ചുറികളും 22 സെഞ്ചുറികളും 46 അര്‍ധസെഞ്ചുറികളും ഡിവില്യേഴ്സ് നേടി. ഏകദിനത്തിലെ 218 ഇന്നിംഗ്സുകളില്‍നിന്നായി 9577 റണ്‍സ് അക്കൗണ്ടിലുള്ള ഡിവില്യേഴ്സ് 53.5 റണ്‍സ് ശരാശരിയിലാണ് ഇത്രയും റണ്‍സ് അടിച്ചുകൂട്ടിയിട്ടുള്ളത്. 176 റണ്‍സാണ് ഉയര്‍ന്ന് സ്കോര്‍. ട്വന്റി 20യില്‍ 26.12 ശരാശരിയില്‍ 1672 റണ്‍സ് നടേി. 25 സെഞ്ചുറികള്‍ ഏകദിനത്തില്‍ അദ്ദേഹം അടിച്ചുകൂട്ടി. ഏകദിനത്തിലെ വേഗമേറിയ സെഞ്ചുറിയും ഡിവില്യേഴ്സിന്റെ പേരിലാണ്. 2015ല്‍ വെസ്റ്റ്ഇന്‍ഡീസിനെതിരേ 31 പന്തിലായിരുന്നു വില്ലിയുടെ അമാനുഷിക പ്രകടനം. 141 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച ഈ പ്രിട്ടോറിയക്കാരന്റെ അക്കൗണ്ടില്‍ 3953 റണ്‍സുമുണ്ട്.
© Copyright 2024. All Rights Reserved