നഴ്‌സുമാരടക്കമുള്ളവരുടെ വിസ ഫീസ് വർധിപ്പിച്ച ഹോം ഓഫീസ് നടപടിയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഹോം സെക്രട്ടറി സുവെല്ലാ ബ്രേവർമാന് കത്തയച്ച് റോയൽ കോളജ് ഓഫ് നഴ്‌സിംഗ് (ആർസിഎൻ) ചീഫ് എക്‌സിക്യൂട്ടീവ് പാറ്റ് കുള്ളൻ . വിസ ഫീസ് വർധനവിനെ തുടർന്ന് പ്രതിസന്ധിയിലായ മലയാളികളടക്കമുള്ള ഇന്ത്യൻ നഴ്‌സുമാർക്ക് പ്രതീക്ഷയേകുന്ന നീക്കമാണ് ഇത്. ഇപ്പോൾ തന്നെ നഴ്‌സുമാരടക്കമുള്ള ജീവനക്കാരുടെ ക്ഷാമത്താൽ വീർപ്പ് മുട്ടുന്ന എൻഎച്ച്എസിന് മേൽ ഇത് കടുത്ത ആഘാതമായിരിക്കും സൃഷ്ടിക്കുകയെന്നാണ് കുള്ളൻ മുന്നറിയിപ്പേകുന്നത്.
നിലവിൽ എൻഎച്ച്എസ് മുന്നോട്ട് പോകുന്നത് വിദേശ നഴ്‌സുമാരും ഡോക്ടർമാരുമടക്കമുള്ളവരെ ആശ്രയിച്ചാണെന്നും വിസ ഫീസ് വർധിപ്പിച്ചതിലൂടെ ഇവർ യുകെയോട് ഗുഡ് ബൈ പറഞ്ഞ് മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ സാധ്യതയേറിയെന്നും ഇത് എൻഎച്ച്എസിന് കടുത്ത പ്രശ്‌നമുണ്ടാക്കുമെന്നും ആർസിഎൻ ചീഫ് എക്‌സിക്യൂട്ടീവ് ഹോം സെക്രട്ടറിക്ക് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹോം ഓഫീസിന്റെ പുതിയ നീക്കമനുസരിച്ച് ഹെൽത്ത് ആൻഡ് കെയർ വിസ ഫീസിൽ 15 ശതമാനം വർധനവാണ് വരുത്തിയരിക്കുന്നത്. കൂടാതെ ഫോറിൻ നഴ്‌സിംഗ് സ്റ്റുഡന്റ്‌സിനുള്ള ഫീസിൽ 35 ശതമാനം വർധനയാണ് വരുത്തിയിരിക്കുന്നത്. യുകെയിൽ ഇൻഡെഫനിറ്റ് ലീവ് ടു റിമെയിൻ സ്റ്റാറ്റസിലുള്ളവർ നൽകേണ്ട വിസ ഫീസിൽ 20 ശതമാനം ആധിക്യമാണുണ്ടായിരിക്കുന്നത്.
വർത്തമാനകാല പരിതസ്ഥിതിയിൽ എൻഎച്ച്എസിലെ വിദേശികളായ മിക്ക വർക്കർമാർക്കും ഈ വർധിപ്പിച്ച ഫീസുകൾ അടക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. നീതിപൂർവകമല്ലാത്ത ഈ ഫീസ് വർധിപ്പിക്കൽ കാരണം ഹെൽത്ത് കെയർ മേഖലയിലെ വിദേശികൾക്ക് ഇവിടെ ജീവിക്കാനും തൊഴിലെടുക്കാനും തീരെ സാധിക്കാത്ത സ്ഥിതി സംജാതമാക്കുമെന്നും അവർ മറ്റ് രാജ്യങ്ങളിലേക്ക് കൂട് മാറി പോകാനുള്ള സാധ്യതയേറ്റുമെന്നുമാണ് കുള്ളൻ മുന്നറിയിപ്പേകുന്നത്. വിസ ഫീസ് വർധനവിനെ തുടർന്ന് കാനഡ, യുഎസ് പോലുള്ള രാജ്യങ്ങളിലെ ഹെൽത്ത് കെയർ മേഖലയിലേക്ക് തൊഴിൽ തേടി പോകാൻ തങ്ങൾ തീരുമാനിച്ചുവെന്ന് നിരവധി വിദേശ ഹെൽത്ത് കെയർ വർക്കർമാർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് കുള്ളന്റെ മുന്നറിയിപ്പ്.
തദ്ദേശീയരായ നഴ്‌സുമാരുടെ കുറവ് കാരണം വിദേശികളെ ആശ്രയിക്കാതെ മുന്നോട്ട് പോകാൻ സാധിക്കാത്ത സ്ഥിതിയാണ് ഇപ്പോഴും എൻഎച്ച്എസിലുള്ളത്. 2022ൽ എൻഎംസി രജിസ്റ്ററിൽ പേര് ചേർക്കപ്പെട്ടവരിൽ 53 ശതമാനം പേരും വിദേശ നഴ്‌സുമാരാണ്.
© Copyright 2025. All Rights Reserved