പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഇന്നലെ ഫലം ലഭിച്ച 22 സാമ്പിള്‍ പരിശോധനയിലും നിപ്പായില്ലെന്നു സ്ഥിരീകരിച്ചു. ഇതുവരെ ലഭിച്ച 227 സാമ്പിള്‍ പരിശോധനാഫലങ്ങളില്‍ 18 എണ്ണത്തില്‍ മാത്രമാണ് വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചത്. ഇതില്‍ 16 പേര് മരിച്ചു. രണ്ടുപേര്‍ ചികിത്സയിലാണ്. ഇവര്‍ സുഖപ്പെട്ടുവരുന്നതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ ഒമ്പതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ ഉള്‍പ്പെടെ 22 പേരാണ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. അതേസമയം, രണ്ടായിരത്തോളം പേർ ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുണ്ട്. വൈറസ് ബാധിച്ചവരുമായി അടുത്ത് ഇടപഴകിയെന്നു സംശയമുള്ളവരെയാണു നിരീക്ഷിക്കുന്നത്. നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ചെന്നൈ ആസ്ഥാനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് എപിഡെമോളജിയിലെ വിദഗ്ധസംഘം മന്ത്രി കെ.കെ. ശൈലജയുമായി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടത്തി. അതിനു ശേഷം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തു നടന്ന ഉന്നതതലയോഗത്തിനിടെ വീഡിയോ കോണ്‍ഫറന്‍സിലൂടെ കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാരുമായി മുഖ്യമന്ത്രി സംസാരിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര് .എല്‍. സരിതയും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. നിപ്പാ വൈറസ് ബാധ സംബന്ധിച്ചു ഭയപ്പെടേണ്ടതോ ആശങ്കപ്പെടേണ്ടതോ ആയ സാഹചര്യം നിലവിലില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. നിരീക്ഷണത്തിലുള്ളവരിൽ ആവശ്യമുള്ളവർക്ക് അരി ഉൾപ്പെടെ ഭക്ഷ്യസാധനങ്ങളുടെ കിറ്റ് സൗജന്യമായി വീടുകളിൽ എത്തിച്ചു നൽകാൻ കോഴിക്കോട്, മലപ്പുറം കളക്ടർമാർക്കു മുഖ്യമന്ത്രി നിർദേശം നൽകി.
© Copyright 2024. All Rights Reserved