കണ്ണൂർ ജില്ലയിലെ ചെറുപുഴ ചൂരപ്പടവിലെ ഡോ. ജിന്‍സിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ് പശ്ചിമഘട്ടത്തിലെ നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗമായ ആനക്കട്ടിയിൽനിന്ന് പുതിയ പാമ്പിനെ കണ്ടെത്തിയത്. ഇതോടെ ഇന്ത്യയിലെ പാമ്പിനങ്ങൾ 297 ആയി. കോയമ്പത്തൂർ സലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററിയിലെ (SACON) ഗവേഷകനായ ഡോ. ജിൻസും ലണ്ടൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകരായ ഡോ. ഡേവിഡ്, ഫിലിപ്പ് എന്നിവരും ചേർന്നുള്ള കണ്ടെത്തൽ അന്താരാഷ്ട്ര ശാസ്ത്രമാസികയായ സൂടാക്സയുടെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്തിൽ ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കണ്ടുവരുന്ന ‘യൂറോപെൽറ്റിഡെ’ കുടുംബത്തിൽപ്പെടുന്ന പുതിയ പാമ്പിന് യൂറോപെൽറ്റിസ് ഭൂപതി എന്നാണു നാമകരണം ചെയ്തിരിക്കുന്നത്. ജീവിതത്തിന്റെ ഭൂരിഭാഗവും മണ്ണിനടിയിൽ കഴിയുന്ന ഈ പാമ്പുകൾ കൂടുതലും മഴക്കാലങ്ങളിൽ മാത്രമാണു വെളിയിൽ വരുന്നത്. തന്റെ ഗവേഷണ ഗുരുനാഥനും അഗസ്ത്യമലയിൽ ഗവേഷണ സന്ദര്‍ശനത്തിനിടയിൽ അപകടത്തില്‍ മരിച്ച പ്രശസ്ത ഉരഗ ഗവേഷകനുമായ ഡോ. എസ്. ഭൂപതിയോടുള്ള ആദരസൂചകമായാണ് ഈ പേരിട്ടിരിക്കുന്നതെന്നു ഡോ. ജിന്‍സ് പറഞ്ഞു. അഗസ്ത്യമലയിലെ ഉരഗങ്ങളെക്കുറിച്ചുള്ള പഠനത്തിൽ അടുത്തയിടെ ഡോക്ടറേറ്റ് സ്വന്തമാക്കിയ ജിൻസ് ചൂരപ്പടവിലെ വല്ലനാട്ട് ജെയിംസ്- റോസമ്മ ദമ്പതികളുടെ മകനാണ്. പ്രാപ്പോയില്‍ ഗവൺമെന്റ് അ ഹയര്‍ സെക്കൻഡറി സ്കൂള്‍, തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്നിവിടങ്ങളിലാണു എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീടുള്ള പഠനങ്ങളും ഗവേഷണവുമൊക്കെ കേരളത്തിനു പുറത്തായിരുന്നു. ലണ്ടനിൽ പോയിഗവേഷണം നടത്താനുള്ള അവസരവും ജിന്സിനു ലഭിച്ചു. ചെറുപ്പം മുതല്‍ ജീവശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏറെ തത്പരനായിരുന്നു. ഇതുതന്നെയാണ് ഉരഗങ്ങളെക്കുറിച്ചു ഗവേഷണം നടത്താൻ ജിന്‍സിനെ പ്രേരിപ്പിച്ചത്.പുതിയ ഇനം പാമ്പിനെ കണ്ടെത്തുന്നതിനേക്കാള്‍ പ്രയാസമാണ് ഇതു പുതിയ ഇനമാണെന്നു തെളിയിക്കാനെന്നു ജിൻസ് പറഞ്ഞു. അതിനായി ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കും. ഉരഗകുടുംബത്തിലെ പുതിയ അംഗത്തെ കണ്ടെത്തിയത് കണ്ണൂര്‍ ജില്ലയുടെ മലയോര ഗ്രാമത്തില്‍നിന്നുള്ള ഗവേഷകനാണെന്നതിൽ ചൂരപ്പടവ് എന്ന കൊച്ചുഗ്രാമത്തിന് അഭിമാനിക്കാം. അതിന്റെ പ്രതിഫലനമാണ് ഗ്രാമം ഒന്നടങ്കം ഈ യുവ ഗവേഷകന് നൽകിയ ആദരം.
© Copyright 2024. All Rights Reserved