യു എസിലെ പ്രമുഖ ബാങ്കുകളോട് ഉപഭോക്താക്കളുടെ വിശദാംശങ്ങൾ നൽകുവാൻ ആവശ്യപ്പെട്ട് ഫേസ്ബുക്ക്. തങ്ങളുടെ പുതിയ സേവനങ്ങൾ ഉപഭോക്താക്കൾക്കു ലഭ്യമാക്കുന്നതിനാണ് ഈ ആവശ്യം ഫേസ്ബുക് മുന്നോട്ട് വച്ചിരിക്കുന്നത്. ഫേസ്ബുക്കിന്റെ സന്ദേശങ്ങൾ കൈമാറുന്ന ആപ്ലിക്കേഷനായ മെസഞ്ചറിൽ പുതിയ സേവനം നൽകുന്നതിനു വേണ്ടിയാണ് ബാങ്കുകളോട് ഉപഭോക്താക്കളുടെ വിശദാംശങ്ങൾ നൽകാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മാസങ്ങൾക്കു മുമ്പുതന്നെ ചേസ്, ജെ പി മോർഗൻ, സിറ്റിബാങ്ക്, വെൽസ് ഫാർഗോ എന്നീ പ്രമുഖ ബാങ്കുകളുമായി ഫേസ്ബുക്ക് ചർച്ചകൾ നടത്തി കഴിഞ്ഞതായാണ് റിപ്പോർട്ട്. ഉപഭോക്താക്കളുടെ വിശദാംശങ്ങൾക്കായി ഫേസ്ബുക്ക് യു എസ് ബാങ്ക്റോപിനെയും സമീപിച്ചിരുന്നു.ഉപഭോക്താക്കളുടെ വിവരങ്ങൾ വിവിധ ആപ്പ് ഡെവലപ്പർമാരുമായി പങ്കുവെച്ചതിന് ഫേസ്ബുക്ക് മുൻപ് വ്യാപകമായി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ്, ഉപഭോക്താക്കളുടെ വിശദാംശങ്ങൾ ചോദിച്ച് ബാങ്കുകളെ സമീപിച്ചിരിക്കുന്നത്. ബാങ്ക് കാർഡ് ഇടപാടുകൾ, ബാലൻസ് പരിശോധിക്കൽ എന്നിവ അറിയാൻ താൽപര്യമുണ്ടെന്നാണ് ഫേസ്ബുക് അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടെന്ന് സമ്മതിക്കുമ്പോഴും ഫേസ്ബുക്ക് ട്രാൻസാക്ഷൻ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പറയുന്നത്. മറ്റ് ഇ-കൊമേഴ്സ് കമ്പനികളെ പോലെ കസ്റ്റമർ ചാറ്റും അക്കൗണ്ട് മാനേജ്മെന്റുമാണ് ഉദ്ദേശിക്കുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ബാങ്കുകൾക്ക് മെസേജ് ചെയ്യുന്നത് ഫോണിൽ കാത്തിരിക്കുന്നതിനേക്കാൾ നല്ലതാണെന്നാണ് ഫേസ്ബുക്കിന്റെ വാദം. ഫേസ്ബുക്കുമായ ഒരു ചർച്ചയ്ക്കു പോലും തയ്യാറല്ലെന്ന് സിറ്റി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട് . ഉപഭോക്താക്കളുടെ വിശദാംശങ്ങൾ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്ക് നൽകില്ലെന്ന് ജെ പി മോർഗൻ വക്താവും വ്യക്തമാക്കി.
© Copyright 2024. All Rights Reserved