മുൻ വിദേശകാര്യ സെക്രട്ടറിയും ടോറി പാർട്ടിയിലെ വിമത നേതാവുമായ ബോറീസിന്റെ ഈ പരിഹാസം പ്രകോപനപരവും നിന്ദ്യവുമാണെന്ന വിമർശനമാണ് കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിനുള്ളത്. ബോറീസിന്റെ ഈ പരാമർശങ്ങളെ പ്രതിപക്ഷവും നിശിതമായി വിമർശിച്ചു. പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് ടോറി ചെയർമാൻ ബ്രാൻഡൻ ലൂയിസ് ബോറീസിനോട് ആവശ്യപ്പെട്ടെങ്കിലും അതിനു തയാറല്ലെന്ന നിലപാടാണ് ബോറീസ് ജോൺസൺ സ്വീകരിച്ചിരിക്കുന്നത് . വിഷമകരമായ വിഷയങ്ങളിൽ നിലപാടുകൾ വിമർശിക്കപ്പെടുന്നത് സ്വാഭാവികമാണെന്നും അതിന്റെ പേരിൽ ചർച്ചകൾ അവസാനിപ്പിക്കുന്നത് ശരിയല്ലെന്നുമാണ് ഇക്കാര്യത്തിൽ ബോറീസ് നിലപാട് സ്വീകരിച്ചിരിക്കുന്നത് . മന്ത്രിസഭയിൽ നിന്നും തെരേസ മേയുടെ സോഫ്റ്റ് ബ്രക്സിറ്റ് നയങ്ങളോടു വിയോജിച്ച് രാജിവച്ച് പാർട്ടിയിലെ വിമതനേതൃത്വം ഏറ്റെടുത്ത ബോറീസിന്റെ രാഷ്ട്രീയ തിരിച്ചുവരവിനുള്ള രാഷ്ട്രീയ തന്ത്രമായാണ് രാഷ്ട്രീയ നിരീക്ഷകർ ബുർഖ വിമർശനത്തെ കാണുന്നത്. കഴിഞ്ഞദിവസം ബ്രിട്ടനിലെ ഒരു പ്രമുഖ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലാണ് ബുർഖ നിരോധിക്കുന്നതിനോട് താൽപര്യമില്ലെന്നും എന്നാൽ, മുഖം മുഴുവൻ മൂടിയുള്ള ബുർഖ പരിഹാസ്യമായ വേഷമാണെന്നും, ബുർഖ ധരിച്ച് നടക്കുന്നവർ ലെറ്റർ ബോക്സ് പോലെയാണിരിക്കുന്നതെന്നും ബോറിസ് ജോൺസൺ പറഞ്ഞത് .
© Copyright 2024. All Rights Reserved