ബുർഖ ധരിച്ച സ്ത്രീകൾ ലെറ്റർ ബോക്സ് പോലെയാണിരിക്കുന്നതെന്ന ബോറിസ് ജോൺസന്റെ അഭിപ്രായങ്ങൾ ഒരു ക്രിമിനൽ കുറ്റമായി കണക്കാക്കില്ലെന്ന് മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ ക്രെസിഡ ഡിക്ക് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവന പലർക്കും നിന്ദ്യമായി തോന്നിയിട്ടുണ്ടാകാമെന്ന് താൻ സമ്മതിക്കുന്നുവെന്നും ക്രേസിഡ അറിയിച്ചു. തന്റെ ലേഖനത്തിൽ ബുർഖ നിരോധനത്തെ താൻ എതിർക്കുന്നുവെന്നാണ് ബോറിസ് പറഞ്ഞു വയ്ക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പരിചയ സമ്പത്തുള്ള ഹേറ്റ് ക്രൈം ഓഫീസർമാരുമായി താനിക്കാര്യം ചർച്ച ചെയ്‌തെന്നും അവർ പറഞ്ഞു. കേസെടുക്കുവാൻ തക്കതായ പരാമർശങ്ങൾ ബോറിസ് ജോൺസൺ നടത്തിയിട്ടില്ലെന്ന അഭിപ്രായമാണ് അവർ നൽകിയതെന്നും അവർ പറഞ്ഞു. മുസ്ലിം സമുദായത്തെയും രാഷ്ട്രീയ പ്രവർത്തകരെയും ചൊടിപ്പിച്ച വിവാദ പ്രസ്താവന പിൻവലിക്കണമെന്നും മാപ്പു പറയണമെന്നും പ്രധാനമന്ത്രി തെരേസ മേയുൾപ്പെടെ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നവർ ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടെങ്കിലും മാപ്പു പറയില്ലെന്ന കടുത്ത വാശിയിലാണ് കൺസർവേറ്റീവ് പാർട്ടിയുടെ മുതിർന്ന നേതാവും മുൻ ഫോറിൻ സെക്രട്ടറിയുമായ ബോറിസ്.
അതേ സമയം കൺസർവേറ്റീവ് പാർട്ടിയുടെ പെരുമാറ്റച്ചട്ടം ബോറിസ് ലംഘിച്ചെന്നും അതിനാൽ ഇക്കാര്യത്തെ കുറിച്ച് ഒരു സ്വതന്ത്രമായ പാനൽ അന്വേഷിക്കണമെന്ന ആവശ്യവുമായി ടോറി എംപിമാർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കൺസർവേറ്റീവ് പാർട്ടിക്ക് ലഭിച്ചിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഇത്തരം ഒരു പാനൽ അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
© Copyright 2023. All Rights Reserved