തിരുന്നാളാഘോഷങ്ങള്‍ ഗംഭീരമാക്കുവാനുള്ള ഒരുക്കങ്ങള്‍ വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ ഇടവകയുടെ ചുമതല വഹിക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ റവ.ഡോ.മാത്യു ചൂരപ്പൊയ്കയിലിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഈ വര്‍ഷവും ഒരുക്കുന്നുണ്ടെന്ന് ട്രസ്റ്റിമാരായ ബിജു ആന്റണി, സുനില്‍ കോച്ചേരി, ടിങ്കിള്‍ ഈപ്പന്‍ എന്നിവര്‍ അറിയിച്ചു.ജൂണ്‍ 24 ഞായറാഴ്ച വൈകുന്നേരം 5 മണിക്കാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന തിരുനാളിന് കൊടിയേറുക. കൊടിയേറ്റത്തിന് ശേഷം പ്രസുദേന്തി വാഴ്ചയും, മധ്യസ്ഥ പ്രാര്‍ത്ഥനയും, വി.കുര്‍ബാനയും ഉണ്ടായിരിക്കും. ഇതേ തുടര്‍ന്ന് മുന്‍ വര്‍ഷങ്ങളിലെ പോലെ ഉല്പന്ന ലേലവും ഉണ്ടായിരിക്കും. കൊടിയേറുന്ന ദിവസം മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ വിവിധ റീത്തിലുള്ള ദിവ്യബലിയും വി.അല്‍ഫോന്‍സാമ്മയുടെ നൊവേനയും തിരുനാള്‍ ദിവസം വരെ ഉണ്ടായിരിക്കും.ജൂണ്‍ 30 ശനിയാഴ്ച വൈകുന്നേരം പ്രശസ്ത ഗായകനായ ഫാ. വില്‍സന്‍ മേച്ചേരി നയിക്കുന്ന ഗാനമേള വിഥിന്‍ഷോ ഫോറം സെന്ററില്‍ ഉണ്ടായിരിക്കുന്നതാണ്. ഗ്രാമി അവാര്‍ഡ് ജേതാവായ പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോര്‍ജ്, ജോബ് സജോവ് (കീബോര്‍ഡ്) അഷീറ്റാ സേവ്യര്‍ എന്നിവര്‍ നയിക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര ഗാനമേളയുടെ പ്രത്യേകതയായിരിക്കും.പ്രധാന തിരുനാള്‍ ദിവസമായ ജൂലൈ ഒന്നിന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ അത്യാഘോഷപൂര്‍വ്വമായ തിരുനാള്‍ ദിവ്യബലി ആരംഭിക്കും. ദിവ്യബലിക്ക് ശേഷം പ്രശസ്തമായ മാഞ്ചസ്റ്റര്‍ തിരുനാളിന്റെ മുഖ്യ ആകര്‍ഷണമായ ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. പ്രദക്ഷിണത്തില്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ക്കൊപ്പം പൊന്‍ – വെള്ളികളുടെയും, ഐറിഷ് ബാന്റ്, ചെണ്ടമേളം, വിശുദ്ധരുടെ ഫ്ലക്സുകള്‍ , വിവിധ നിറത്തിലുള്ള കൊടികള്‍ , മുത്തുക്കുടകള്‍ എന്നിവയെല്ലാം ഉണ്ടായിരിക്കും.വിഥിന്‍ഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന പ്രദക്ഷിണത്തില്‍ പങ്കുകൊള്ളുവാനും കാണുവാനുമായി നാനാജാതി മതസ്ഥരായവരും, ഇംഗ്ലീഷുകാരും ധാരാളമായി എത്തിച്ചേരാറുണ്ട്. എല്ലാവര്‍ഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച നടത്തിയിരുന്ന മാഞ്ചസ്റ്റര്‍ തിരുനാള്‍ ചില അസൗകര്യം മൂലം ഈ വര്‍ഷം ജൂലൈ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് നടത്തുന്നത്. പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം കുര്‍ബാനയുടെ വാഴ്‌വ്, ലദീഞ്ഞ് സമാപനാ ആശീര്‍വാദം എന്നി ഉണ്ടായിരിക്കുന്നതാണ്. ഇതോടൊപ്പം കഴുന്ന് എടുക്കുന്നതിനും, അടിമ വയ്ക്കുനതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
തുടര്‍ന്ന് പാച്ചോര്‍ വിതരണവും, സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. യു കെയില്‍ ആദ്യമായി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിലായിരുന്നു. ‘യു കെയിലെ മലയാറ്റൂര്‍ ‘എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ തിരുനാളിന് നാടിന്റെ വിവിധ ഭാഗത്ത് നിന്നും നാനാജാതി മതസ്ഥരായ ആയിരങ്ങള്‍ എല്ലാവര്‍ഷവും ഒത്ത് ചേരാറുണ്ട്. റവ.ഡോ.മാത്യു ചൂരപ്പൊയ്കയിലിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാര്‍ , വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ച് കഴിഞ്ഞു.
© Copyright 2024. All Rights Reserved