മഹാരാഷ്ട്രയിലെ കല്യാണിലാണു സംഭവം. ശങ്കർ ഗേയ്ക്വാദിനെയാണ് ഭാര്യ ആശ വാടകക്കൊലയാളികളുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. കൊല നടത്തിയ വാടകക്കൊലയാളി ഹിമാൻഷു ദുബെയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 30 ലക്ഷം രൂപയായിരുന്നു കൊലപാതകത്തിനായി ഇയാൾക്കു നല്കിയ വാഗ്ദാനം. നാലു ലക്ഷം രൂപ അഡ്വാൻസായി നല്കി. കൊലപാതകത്തിൽ ഉൾപ്പെട്ട നാലു പേർക്കായി തെരച്ചിൽ ഊർജിതമാക്കി. മേയ് 18നായിരുന്നു ശങ്കർ കൊല്ലപ്പെട്ടത്. ജൂൺ ഒന്നിനാണു മൃതദേഹം കണ്ടെത്തിയത്. ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി ആശ മേയ് 21നു കൊൽസവാടി പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ, ശങ്കറിന്റെ സ്വത്ത് വിൽക്കാൻ ആശ ശ്രമിക്കുന്നുവെന്നു മനസിലാക്കിയ ബന്ധുക്കൾ പോലീസിനെ സമീപിച്ചു. തുടർന്ന് അന്വേഷണം പോലീസ് ഇൻസ്പെക്ടർ കവി ഗാവിതിനു കൈമാറി. ഈ അന്വേഷണത്തിലാണു കൊലപാതക വിവരം പുറത്തായത്. മേയ് 18നു ബദ്ലാപുർ പട്ടണത്തിലേക്ക് ഓട്ടോറിക്ഷയിൽ ശങ്കറിനെയും കയറ്റിപ്പോയ ആശ ജ്യൂസിൽ മയക്കുമരുന്നു ചേർത്തു നല്കി.അബോധാവസ്ഥയിലായ ശങ്കറിനെ ആശയും വാടകക്കൊലയാളി ഹിമാൻഷുവും അനുയായികളും ചേർന്ന് വിജനമായ പ്രദേശത്ത് എത്തിച്ച് ഇരുന്പ് ദണ്ഡ് ഉപയോഗിച്ച് മർദിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു. ശങ്കറിന്റെ സ്വത്തുക്കളിലേറെയും നേരത്തെതന്നെ ആശയുടെ പേരിലേക്കു മാറ്റിയിരുന്നു. ഇതിൽ ഭൂരിഭാഗവും ആശ വിറ്റിരുന്നു.
© Copyright 2025. All Rights Reserved