നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്‍റെ സാങ്കേതിക- പാരിസ്ഥിതിക പഠനത്തിനായി ചുമതലപ്പെടുത്തിയ സ്ഥാപനത്തിന്‍റെ റിപ്പോർട്ട് മാർച്ച് 31നകം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

പദ്ധതിക്കാവശ്യമായ അംഗീകാരവും അനുമതിയും ഒൻപതു മാസത്തിനുള്ളിൽ ലഭ്യമാക്കണമെന്നാണു കണ്‍സൾട്ടൻസി കരാറിലെ വ്യവസ്ഥ. ലൂയിസ് ബർഗർ കണ്‍സൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിനെയാണു പഠനത്തിനു ചുമതലപ്പെടുത്തിയത്.വിമാനത്താവളത്തിനായി കേന്ദ്രസർക്കാരിന്‍റെ വിവിധ ഏജൻസികളിൽനിന്നു ലഭ്യമാക്കേണ്ട അംഗീകാരവും ക്ലിയറൻസും വേഗത്തിൽ നേടിയെടുക്കും. ചെറുവള്ളി എസ്റ്റേറ്റ് എന്നറിയപ്പെടുന്ന ഹാരിസണ്‍ മലയാളം പ്ലാന്‍റേഷനിലാണ് വിമാനത്താവളത്തിനു സ്ഥലം കണ്ടെത്തിയത്. നിർദിഷ്ട എയർപോർട്ടിനായുള്ള ഭൂമിയുടെ വിസ്തീർണം, തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽനിന്നുള്ള ദൂരം, സ്ഥലത്തിന്‍റെ ഭൂപ്രകൃതി, ഗതാഗത സൗകര്യം, റിസർവ് വനത്തിന്‍റെ സാന്നിധ്യം, ശബരിമലയിലേക്കുള്ള ദൂരം, മറ്റു വികസന സാധ്യതകൾ എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ആറു സ്ഥലങ്ങളാണു റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി വിമാനത്താവളത്തിനായി പരിഗണിച്ചത്. ഏറ്റവും അനുയോജ്യമാണെന്നു കണ്ടെത്തിയത് ചെറുവള്ളി എസ്റ്റേറ്റാണെന്നും പി.സി. ജോർജിന്‍റെ സബ്മിഷനു മുഖ്യമന്ത്രി മറുപടി നൽകി.

Leave a comment

Send a Comment

Your email address will not be published.