ഉംപുൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ച ബംഗാളിന് 1000 കോടി അടിയന്തര ധനസഹായവുമായി നരേന്ദ്ര മോദി

വൻ നാശനഷ്ടങ്ങൾ വിതച്ച ഉംപുൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ച ബംഗാളിൽ 1000 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുഴലിക്കാറ്റിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ഉംപുൻ ചുഴലിക്കാറ്റിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും 80 പേർ മരണപ്പെടുകയും ചെയ്തു.കനത്ത നാശനഷ്ടങ്ങൾ സംഭവിച്ച മേഖലകൾ പ്രധാനമന്ത്രി ഹെലികോപ്ടറിൽ വിലയിരുത്തി. 

മുഖ്യമന്ത്രി മമത ബാനർജിയുടെ അഭ്യർഥന പ്രകാരമാണ് പ്രധാനമന്ത്രി ബംഗാളിലെത്തിയത്.ചുഴലിക്കാറ്റിൽ നാശം വിതച്ച സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം സാധാരണനിലയിലേക്കെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബസിർഹത്ത് മേഖലയ്ക്ക് സമീപത്തെ സ്കൂളിൽ അവലോകന യോഗത്തിനു ശേഷം പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പരീക്ഷണത്തിന്റെ ഈ ഘട്ടത്തിൽ കേന്ദ്രസർക്കാർ ബംഗാളിനൊപ്പം നിൽക്കുമെന്നും അദ്ദേഹം മാധ്യമങ്ങൾക്കുള്ള പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.ഉംപുൻ ചുഴലിക്കാറ്റിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന മമത ബാനർജിയുടെ ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി അതിനെതിരെ  ഒന്നും പ്രതികരിച്ചില്ല. പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിക്കണമെന്നും കേന്ദ്രത്തിൽനിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും മമത ബാനർജി മുൻപേ പരാതിപ്പെട്ടിരുന്നു.

Leave a comment

Send a Comment

Your email address will not be published.